Saturday, December 6, 2025
E-Paper
Home Editorialകാലത്തിനോട് കലഹിച്ച ടി.ജെ.എസ്

കാലത്തിനോട് കലഹിച്ച ടി.ജെ.എസ്

by news_desk
0 comments

ഇന്ത്യന്‍ മാധ്യമ ചരിത്രത്തിലെ സുപ്രധാനമായ അധ്യായമാണ് ടി.ജെ.എസ് ജോര്‍ജിന്റെ വിയോഗത്തോടുകൂടി പൂര്‍ണ്ണമാകുന്നത്. ഇന്ത്യന്‍ പത്രപ്രവര്‍ത്തക ലോകത്തിനും അന്തര്‍ദേശീയ മാധ്യമരംഗത്തിന് കേരളം നല്‍കിയ സമാനതകളില്ലാത്ത പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമാണ് ടി.ജെ.എസ്. ആറുപതിറ്റാണ്ട് നീണ്ട സംഭവബഹുലമായ പത്രപ്രവര്‍ത്തന ജീവിതത്തെ രാജ്യത്തിന്റെ മാധ്യമ മണ്ഡലത്തില്‍ മറക്കാനാവാത്ത അടയാളമാക്കി മാറ്റിയാണ് അദ്ദേഹം പടിയിറങ്ങുന്നത്. നിഷ്പക്ഷവും നീതിയുക്തവും ഭയാശങ്കകള്‍ക്ക് അതീതവുമായ പത്രപ്രവര്‍ത്തനത്തിന് വേണ്ടി ജീവിതാന്ത്യം വരെ ടി.ജെ.എസ് ജോര്‍ജ് നിലകൊണ്ടു. രാജ്യത്തിന് നഷ്ടമായിരിക്കുന്നത് മാധ്യമ രംഗത്തെ കുലപതിയെയാണ്. എന്തും വെട്ടി തുറന്നു പറയാന്‍ ഭരണകൂടത്തിന്റെ നെറികേടുകള്‍ക്കെതിരെ തൂലിക പടവാളാക്കി വാക്കുകളെ അമ്പുകളാക്കി തൊടുക്കാന്‍ കഴിവുള്ള ധീരനായ മാധ്യമപ്രവര്‍ത്തകരും എഴുത്തുകാരനുമായിരുന്നു ടി. ജെ. എസ്. ഇന്ത്യന്‍ രാഷ്ട്രീയത്തിന് വിസ്മരിക്കാനാവാത്തതാണ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ ടി.ജെ.എസ് എഴുതിയ പോയിന്റ് ഓഫ് വ്യൂ എന്ന കോളം. ദൈനംദിനമായ രാഷ്ട്രീയ സംഭവവികാസങ്ങളെ ചരിത്രപരവും സാമൂഹികപരവുമായ വസ്തുതകളെ മുന്‍നിര്‍ത്തി അവതരിപ്പിക്കുന്നതില്‍ അസാമാന്യമായ മികവ് ആ തൂലികയ്ക്ക് മാത്രം സ്വന്തമായ വിശേഷണമാണ്. എഴുത്തില്‍ കാര്‍ക്കശ്യം ആണെങ്കിലും ഇടപെടലിലും പെരുമാറ്റങ്ങളിലും സൗമ്യതയുടെ പര്യായമാണ് ടി.ജെ.എസ് ജോര്‍ജ്. ടി.ജെ.എസിന്റെ ഓരോ എഴുത്തുകളും കാലത്തോടുള്ള നിരന്തരമായ സംവാദങ്ങള്‍ ആയിരുന്നു കലഹങ്ങളായിരുന്നു. തലമുറകളുടെ പൊതുബോധത്തെ നിര്‍ണയിക്കുന്നതില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട് ആ അക്ഷരങ്ങള്‍. ആദര്‍ശ അധിഷ്ഠിതമായ മാധ്യമപ്രവര്‍ത്തന ജീവിതത്തില്‍ ഒരു ശക്തിക്ക് മുന്നിലും അദ്ദേഹം മുട്ടുമടക്കിയിട്ടില്ല. ആ ധീരതയ്ക്ക് വാക്കുകളിലെയും അക്ഷരങ്ങളിലെയും തീ ജ്വാലകള്‍ക്ക് ഈ രാജ്യം തന്നെ സാക്ഷിയാണ്. നിര്‍ഭയമായ മാധ്യമപ്രവര്‍ത്തനത്തിന് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവന്ന സാഹചര്യവും ടിജെഎസിന്റെ ഔദ്യോഗിക ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. ബീഹാര്‍ മുഖ്യമന്ത്രിയായിരുന്ന കെ.ബി സഹായിയുടെ അനീതികളെയും കൊള്ളരുതായ്മകള്‍ക്കെതിരെയും എഴുതിയതിന് ജയില്‍വാസം അനുഭവിക്കേണ്ടിവന്ന ഘട്ടത്തില്‍ നിയമപരമായ സകലവിധ പിന്തുണകളും നല്‍കി ഒപ്പം നിന്നത് അന്ന് കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രിയായിരുന്ന വി കെ കൃഷ്ണന്‍ മേനോന്‍ ആണ്.ഈ കേസിനു വേണ്ടി മാത്രമാണ് ദീര്‍ഘനാളുകള്‍ക്ക് മുമ്പേ അഴിച്ചു വച്ച വക്കീല്‍ കുപ്പായം അദ്ദേഹം വീണ്ടും അണിഞ്ഞ് കോടതിയില്‍ ഹാജരായത്. സത്യസന്ധവും ആത്മാര്‍ത്ഥവുമായ ഏത് ഇടപെടലിലും ഒരു അദൃശ്യമായ പിന്തുണ ഉണ്ടാകുമെന്നും നീതിയുടെ ശബ്ദം ഒരിടത്തും ഒരിക്കലും അസ്തമിക്കുകയില്ലെന്നുമെന്നതിന് ഉത്തമമായ ഉദാഹരണമാണ് ടി.ജെ.എസ് എന്ന പത്രാധിപര്‍.
കേരളത്തില്‍ ജനിച്ച് മാധ്യമ സംസ്‌കാരത്തിന്റെ തന്നെ മുഖമായി മാറിയ ടി.ജെ.എസ് ഓര്‍മ്മയാകുമ്പോള്‍ കേരളം ഉള്‍പ്പെടെ ഇന്ത്യയിലാകമാനം മാധ്യമ രംഗം അതിഭീകരമായ പ്രതിസന്ധി കാലത്ത് കൂടിയാണ് കടന്നു പോകുന്നതെന്നത് കാണാതെ വയ്യ. ആരോഗ്യകരമല്ലാതെ റേറ്റിംഗിന് പിറകില്‍ ഓടുന്ന ഭീതിതമായ മാധ്യമപ്രവര്‍ത്തന രീതി പുതിയ കാലത്തിന്റെ ഏറ്റവും വലിയ ആശങ്കയാണ്. എന്നും എക്കാലവും പ്രതിപക്ഷത്ത് ആയിരിക്കേണ്ട മാധ്യമങ്ങള്‍ ഭരണകൂടത്തിന്റെ വാഴ്ത്തുപാട്ടുകാരായി മാറുന്നുമുണ്ട് പലയിടങ്ങളിലും. ജനാധിപത്യത്തിന്റെ നാലാം തൂണിന് നേരെ നേരിട്ടും അല്ലാതെയും ഉള്ള അതിക്രമങ്ങള്‍ ശാരീരികമായും നിയമപരമായും പോലും ഉണ്ടാകുമ്പോള്‍ അതിനെയെല്ലാം ചോദ്യം ചെയ്യാനും പ്രതിരോധം തീര്‍ക്കാനും കൂട്ടായ മാധ്യമ ഒത്തൊരുമ ഇന്ത്യയില്‍ ഇല്ല എന്നുള്ളത് ആശ്ചര്യപ്പെടുത്തുന്നുണ്ട്. തിരുത്തലുകള്‍ ആവശ്യമാണ് ഇല്ലെങ്കില്‍ സ്വന്തം പോലും അസ്തിത്വം പോലും ചോദ്യം ചെയ്യപ്പെടും. ടി.ജെ.എസ് ജോര്‍ജിനെ പോലെയുള്ള മാധ്യമ രംഗത്തെ അതികായന്മാര്‍ സൃഷ്ടിച്ചെടുത്ത പാതയിലൂടെ ഒന്ന് നടക്കണം ഇന്ത്യന്‍ മാധ്യമ സമൂഹം അറിയണം യഥാര്‍ത്ഥ പത്രപ്രവര്‍ത്തനത്തിന്റെ നേരും നെറിവും.

Highlights: Taniniram Editorial Today 05.10.2025

You may also like