ശബരിമല ക്ഷേത്രത്തിന്റെ ദ്വാരപാലക ശില്പത്തിന്റെ സ്വര്‍ണ്ണപ്പാളി കാണാതായതില്‍ തുടങ്ങിയ അന്വേഷണം വര്‍ഷങ്ങളായി ക്ഷേത്രത്തെ ചുറ്റിപ്പറ്റി നടക്കുന്ന ഗുരുതരമായ അട്ടിമറികളിലേക്കും വെട്ടിപ്പുകളിലേക്കും ആണ് എത്തിച്ചിരിക്കുന്നത്. ശില്പത്തിന്റെ സ്വര്‍ണ്ണപ്പാളി നഷ്ടപ്പെട്ടു എന്ന് പരാതി നല്‍കിയ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ വീട്ടില്‍നിന്ന് നേരത്തെ വിജിലന്‍സ് റെയ്ഡിലൂടെ കണ്ടെത്തിയിരുന്നു. സ്വര്‍ണ്ണപ്പാളികള്‍ക്കൊപ്പം തന്നെ ശില്പങ്ങളും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉണ്ണികൃഷ്ണന്‍ പോറ്റി ക്ഷേത്രത്തില്‍നിന്ന് കൊണ്ടുപോയിരുന്നു. ശബരിമല പോലെയുള്ള വിശ്വപ്രസിദ്ധവും വന്‍ സുരക്ഷാ സംവിധാനങ്ങളും ഉള്ള ക്ഷേത്രത്തിന്റെ സ്വത്തുക്കള്‍ സ്വകാര്യ വ്യക്തി എന്തടിസ്ഥാനത്തിലാണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി കൈവശപ്പെടുത്തി കൊണ്ടുപോയത് എന്നുള്ള ചോദ്യം പ്രസക്തമാണ്. ദേവന് സ്വന്തമായി സമര്‍പ്പിക്കപ്പെട്ട ക്ഷേത്രത്തിന്റെ സ്വത്തും ദേവസ്വം കണക്കില്‍ ഉള്‍പ്പെടുന്നതുമായ വസ്തുക്കള്‍ പൂജ ആവശ്യങ്ങള്‍ക്ക് ആരാധനകള്‍ക്കുമായി ഉപയോഗിക്കുകയാണെങ്കില്‍ അത് സന്നിധാനത്തും ആവശ്യശേഷം ദേവസത്തിന്റെ സ്‌ട്രോങ്ങ് റൂമിലുമാണ് സൂക്ഷിക്കേണ്ടത്. ഏതെങ്കിലും കാലത്ത് ഏതെങ്കിലും ആവശ്യത്തിന് ഇത്തരം വസ്തുക്കള്‍ ശബരിമലയില്‍ നിന്ന് അറ്റകുറ്റപ്പണികള്‍ക്ക് മറ്റുമായി കൊണ്ടുപോകണമെങ്കിലോ കൃത്യമായ നിരീക്ഷണ സംവിധാനങ്ങളെയും ദേവസ്വം ബെഞ്ചിനെയും വിജിലന്‍സ് സംവിധാനത്തെയും അറിയിക്കേണ്ടതുണ്ട്. ഏതുതരത്തിലുള്ള അറ്റകുറ്റപ്പണികള്‍ ആണെങ്കിലും അത് ശബരിമല സന്നിധാനത്ത് വച്ച് നടത്തണമെന്നാണ് വ്യവസ്ഥ. തിരുവാഭരണ സംഘവും ഉദ്യോഗസ്ഥ കമ്മീഷനും ക്ഷേത്ര സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവരാണ്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ പോലെയുള്ള ഒരു സ്വകാര്യ വ്യക്തി ശബരിമല സന്നിധാനത്തുനിന്ന് ക്ഷേത്ര സ്വത്തുക്കള്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ഇടങ്ങളിലും എത്തിച്ചു എന്നുള്ളതും ആരാധനയുടെ പേരില്‍ പ്രമുഖ വ്യക്തിത്വങ്ങളെ പോലും തെറ്റിദ്ധരിപ്പിച്ചുകൊണ്ട് പ്രദര്‍ശന വസ്തുവായി പ്രദര്‍ശിപ്പിച്ചു എന്നുള്ളതും ഗൗരവതരമാണ്.
വര്‍ഷങ്ങളായി സംഭവങ്ങള്‍ നടന്നിട്ടുള്ളത് ഈയടുത്താണ് കേരളം അറിയുന്നത്. ക്ഷേത്രത്തിന്റെ സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായ ദേവസ്വം ബോര്‍ഡും അനുബന്ധ സംവിധാനങ്ങളും ഗുരുതരമായ കൃത്യവിലോപമാണ് ചെയ്തിട്ടുള്ളത്. സ്വര്‍ണ്ണപ്പാളി നഷ്ടപ്പെട്ട കാര്യം ഇത്രയും വൈകിയാണ് ദേവസ്വം ബോര്‍ഡ് തിരിച്ചറിഞ്ഞത്. അങ്ങേയറ്റം ലാഘവത്തോടെ കൂടിയാണ് ദേവസ്വം ബോര്‍ഡ് ക്ഷേത്രകാര്യങ്ങളെ നോക്കിക്കാണുന്നതെന്ന് ഇതിലൂടെ വ്യക്തമാണ്. സ്വര്‍ണ്ണം പൂശിയ ശില്പം എങ്ങനെയാണ് ചെമ്പായത് എന്നതിനെ സംബന്ധിച്ച് ഉയരുന്ന ചോദ്യങ്ങളിലോ സര്‍ക്കാരിനോ ദേവസ്വം ബോര്‍ഡിനോ വ്യക്തമായ ഒരു ഉത്തരം നല്‍കാന്‍ കഴിയുന്നില്ല. ഉണ്ണികൃഷ്ണന്‍ പോറ്റി പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം ശില്പങ്ങളും സ്വര്‍ണ്ണപ്പാളിയും ശബരിമല സന്നിധാനത്ത് എത്തിച്ചതില്‍ തന്നെ സംശയാസ്പദമായ പല കാര്യങ്ങളും ബാക്കിയാണ്.ആദ്യഘട്ടത്തില്‍ ക്ഷേത്രത്തില്‍ നിന്ന് കൊണ്ടുപോകുന്ന വേളയില്‍ ഉണ്ടായിരുന്ന അതേ തൂക്കം അനുബന്ധകാര്യങ്ങളെല്ലാം തിരിച്ചെത്തിയതിനുശേഷം ഉണ്ടോയെന്ന് പരിശോധിക്കുന്നതില്‍ ബന്ധപ്പെട്ട സംവിധാനങ്ങള്‍ താല്പര്യമെടുക്കാതിരുന്നതാണ് ഈ കൊള്ളയ്ക്ക് സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഒപ്പം തന്നെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ള ഗുണപരമായ നിലപാട്. ശില്പികള്‍ തന്നെ പറയുന്നു അതേ തൂക്കത്തിലോ അളവിലോ അല്ല സ്വര്‍ണ്ണപ്പാളിയും ശില്പങ്ങളും ക്ഷേത്രത്തിലെത്തിച്ചിട്ടുള്ളത് എന്ന്. ഇതിനെ സംബന്ധിച്ച് കഴിഞ്ഞ 9 വര്‍ഷമായി സര്‍ക്കാരോ ദേവസ്വം ബോര്‍ഡ് യാതൊരുവിധ പരിശോധനകളും നടത്തിയിട്ടില്ല അന്വേഷണങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടില്ല എന്നുള്ളത് ഞെട്ടിപ്പിക്കുന്നു.കുറ്റകരമായ ഈ അനാസ്ഥ ഈ വെട്ടിപ്പിലെ ഉന്നതരുടെ പങ്കിലേക്ക് കൂടി വിരല്‍ ചൂണ്ടുന്നു.
ആരെയോ രക്ഷിക്കാനോ അല്ലെങ്കില്‍ ആരെയോ ഭയപ്പെട്ടു ആണോ മനപ്പൂര്‍വ്വം ദേവസ്വം ബോര്‍ഡ് ഭരണസംവിധാനങ്ങളും ഈ കൊള്ളയ്ക്ക് കൂട്ടുനിന്നിരിക്കാന്‍ സാധ്യത. 1998 ലാണ് വിജയ് മല്യ ശബരിമലയിലേക്ക് ഭക്തന്റെ കാണിക്ക എന്ന കണക്കില്‍ സ്വര്‍ണ്ണ ശില്പങ്ങള്‍ സമര്‍പ്പിക്കുന്നത്.ആ ശില്പങ്ങള്‍ ഇപ്പോള്‍ ചെമ്പുപാളികളായി മാറിയപ്പോള്‍ യഥാര്‍ത്ഥ സ്വര്‍ണ ശില്പം എവിടെയാണ്. ഇതിനെല്ലാം ഉദ്യോഗസ്ഥരെ പഴിച്ച് സര്‍ക്കാരും ദേവസ്വം ബോര്‍ഡ് ഉള്‍പ്പെടെയുള്ള ഭരണസംവിധാനങ്ങള്‍ക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. 24 മണിക്കൂറും സക്രിയമായി നിലനില്‍ക്കുന്ന നിയമ സംവിധാനങ്ങളും സുസ്ഥിരമായ ഭരണ വ്യവസ്ഥയും നിലനില്‍ക്കുന്ന സംസ്ഥാനത്ത് ശബരിമല പോലെയുള്ള രാജ്യത്തിന്റെയും ലോകത്തിന്റെയും തന്നെ ശ്രദ്ധാകേന്ദ്രമായ ഇടത്ത് നടന്ന ഈ അട്ടിമറി സംസ്ഥാനത്തിന്റെ ഇന്റലിജന്‍സ് സംവിധാനം അറിയാതിരുന്നതാണോ അതോ അറിഞ്ഞിട്ടും അറിയാത്തതായി നടിച്ചതാണോ. ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കാന്‍ മുഖ്യമന്ത്രി അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ അടിയന്തരമായി തയ്യാറാകേണ്ടതുണ്ട്.ശബരിമലയിലെ വിശ്വാസികളുടെ സംരക്ഷണത്തിലും ആരാധന സുഗമമാക്കുന്നതിന് വേണ്ടി സംഘടിപ്പിക്കപ്പെട്ട ആഗോള അയ്യപ്പ സംഗമത്തിന്റെ ശേഷം ഞെട്ടിപ്പിക്കുന്നതായി ഉണ്ടായിട്ടുള്ള ഈ വെളിപ്പെടുത്തലുകള്‍ കേരളത്തിന്റെ സാമൂഹ്യ മനസ്സാക്ഷിക്ക് മുന്നില്‍ ഉണ്ടാക്കിയിരിക്കുന്ന ആശങ്കയും ചെറുതല്ല.വര്‍ത്തമാനകാല ദൈവത്തിനു പോലും സുരക്ഷയില്ലാത്ത അവസ്ഥയായി. അതുകൊണ്ടുതന്നെ ഒറ്റപ്പെട്ട സംഭവം ഗൗരവകരമായ അന്വേഷണം ഉണ്ടാകും എന്നൊക്കെ പറഞ്ഞ് സ്ഥിരം നാടക വേദികളിലെ ഡയലോഗുകളും ആയി സര്‍ക്കാരിന് പിന്തിരിഞ്ഞോടാന്‍ ആവില്ല. വിശ്വാസത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമായിട്ടുള്ള ക്ഷേത്രാചാരങ്ങളെയും ക്ഷേത്ര സ്വത്തുക്കളെയും ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഭരണസംവിധാനത്തിന്‍ കീഴില്‍ കാത്തുസൂക്ഷിക്കാന്‍ കഴിയില്ല എന്നുള്ള ഒരു സ്ഥിതി ഉണ്ടാക്കാവുന്ന പ്രതിസന്ധികളിലേക്ക് കേരളം ഒരിക്കലും നീങ്ങരുത്. ഉണ്ണികൃഷ്ണന്‍ പോറ്റിയ മുന്‍നിര്‍ത്തി ശബരിമല ക്ഷേത്ര സന്നിധാനത്ത് നടന്ന അനീതികളെ സംബന്ധിച്ച് അന്വേഷണം നടത്തണം. ശബരിമല ക്ഷേത്ര സ്വത്തുക്കളെ സംബന്ധിച്ച് അടിയന്തരമായി ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ രൂപീകരിച്ച ഓഡിറ്റ് നടത്തി വ്യക്തവും ആധികാരികവുമായ സുരക്ഷാ സംവിധാനങ്ങള്‍ ദൈന്യദിനം മേല്‍നോട്ട നടപടികള്‍ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തണം. അതിലൂടെ മഹാക്ഷേത്രത്തിനുമേല്‍ ചാര്‍ത്തപ്പെട്ടിട്ടുള്ള കളങ്കം മായിച്ചു കളയണം.
Highlights: Taniniram editorial today 04-10-2025
അയ്യപ്പനെ വിറ്റത് പോറ്റി ഒറ്റക്കോ?
0