ന്യൂ ഡൽഹി (New Delhi):നവരാത്രി ആഘോഷങ്ങളുടെ നിറവില്‍ ഉത്തരേന്ത്യ. ഗുജറാത്ത് സ്വദേശികളുടെ നവരാത്രി ആഘോഷത്തിലെ പ്രധാന ഭാഗമാണ് ഗർബ നൃത്തം. നവരാത്രി ആഘോഷങ്ങൾക്ക് പകിട്ടേകി മൂന്ന് ദിവസത്തെ ഗ്ലോബൽ ഗർബ ഫെസ്റ്റിവൽ ദില്ലിയിൽ നടന്നു. പാട്ടും മേളവുമായി ഒത്തൊരുമയുടെ ഒരാഘോഷം. റീമിക്സുകളില്ല ആധുനിക സംഗീത ഉപകരണങ്ങളില്ല.
ഗുജറാത്തിന്റെ തനത് താളത്തിലും നാടോടി പാട്ടുകളിലും ചുവടുവെച്ച് ഒരു നവരാത്രി ആഘോഷം. വർണ്ണാഭമായ വസ്ത്രങ്ങളണിഞ്ഞ് ഒരേ താളത്തിൽ പ്രായഭേദമന്യേ എല്ലാവരും ഗുജറാത്തിന്‍റെ നൃത്തമായ ഗർബയിൽ പങ്കു ചേർന്നു. സാംസ്കാരിക മന്ത്രാലയവും ഗുജറാത്ത് ടൂറിസവും വിപിവിവി ഗ്രൂപ്പും സംയുക്തമായാണ് ഗ്ലോബൽ ഗർബ ഫെസ്റ്റിവൽ സംഘടിപ്പിച്ചത്.
യുനെസ്കോ പൈതൃക പട്ടികയിൽ ഇടം നേടിയ സുന്ദർ നഴ്സറിയായിരുന്നു വേദി. വിദേശികളടക്കം നൂറുകണക്കിന് ആളുകൾ പരിപാടിയുടെ ഭാഗമായി. സംഗീത നൃത്ത പരിപാടികൾക്ക് പുറമെ മുപ്പതിലധികം കൈത്തറി കരകൗശല സ്റ്റാളുകളും, 25 ലധികം ഗുജറാത്തി ഭക്ഷണ സ്റ്റാളുകളും പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു. ആഘോഷങ്ങൾക്കപ്പുറം ഗുജറാത്തിന്‍റെ സാംസ്കാരിക പൈതൃകത്തെ അടുത്തറിയാനുള്ള അവസരം കൂടിയായിരുന്നു ഗ്ലോബൽ ഗർബ ഫെസ്റ്റിവൽ.
Highlights: Global Garba Festival in full swing, foreigners also take part; North India in full swing of Navratri