കാസർഗോഡ്(Kasaragod): പെരിയ ഇരട്ടക്കൊലപാതക കേസിലെ ഒന്നാം പ്രതി എ. പീതാംബരന് പരോൾ അനുവദിച്ചു. കുടംബാംഗങ്ങൾക്ക് അസുഖമാണെന്നും പരോൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പീതാംബരൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കാൻ പാടില്ലെന്ന വ്യവസ്ഥയോടെ ഒരുമാസത്തേക്കാണ് പരോൾ. രണ്ടാം പ്രതി സജി സി.ജോർജ്, ഏഴാം പ്രതി എ.അശ്വിൻ എന്നിവർക്ക് കഴിഞ്ഞ ദിവസം പരോൾ ലഭിച്ചിരുന്നു. അഞ്ചാം പ്രതി ഗിജിൻ ഗംഗാധരനും പതിനഞ്ചാം പ്രതി വിഷ്ണു സുരയും പരോളിനായി അപേക്ഷ നൽകിയിട്ടുണ്ട്.
ഈ അപേക്ഷ സർക്കാരിന്റെ പരിഗണനയിലാണ്. പെരിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പ്രതികൾക്ക് കൂട്ടത്തോടെ പരോൾ അനുവദിക്കുന്ന സർക്കാർ നടപടി നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ പറഞ്ഞു.
2019 ഫെബ്രുവരി 17നാണ് പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനേയും സിപിഎം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്.
Highlights: Periya double murder case; first accused gets parole