Saturday, December 6, 2025
E-Paper
Home Keralaരാഹുൽ ഗാന്ധിക്കെതിരായ കൊലവിളി പരാമർശം അടിയന്തര പ്രമേയമാക്കി പ്രതിപക്ഷം; പ്രാധാന്യമില്ലാത്തതെന്ന് സ്പീക്കർ

രാഹുൽ ഗാന്ധിക്കെതിരായ കൊലവിളി പരാമർശം അടിയന്തര പ്രമേയമാക്കി പ്രതിപക്ഷം; പ്രാധാന്യമില്ലാത്തതെന്ന് സ്പീക്കർ

by news_desk1
0 comments

തിരുവനന്തപുരം(Thiruvanathapauram): നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന്റെ നോട്ടീസ് പരിഗണിക്കാത്തതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി വക്താവ് പ്രിന്റു മഹാദേവ് ചാനല്‍ ചര്‍ച്ചയ്ക്കിടെ കൊലവിളി പരാമര്‍ശം നടത്തിയതുമായി ബന്ധപ്പെട്ടായിരുന്നു അടിയന്തര പ്രമേയം.

എന്നാല്‍ വിഷയത്തിന് പ്രാധാന്യവും അടിയന്തര സ്വഭാവവും ഇല്ലെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറയുകയും അടിയന്തര പ്രമേയ നോട്ടീസ് തള്ളുകയുമായിരുന്നു. സ്പീക്കര്‍ പിന്നാലെ മൈക്ക് ഓഫ് ചെയ്തു. തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ ബഹളം വെക്കുകയായിരുന്നു. നടുത്തളത്തിലിറങ്ങി പ്രതിപക്ഷ എംഎല്‍എമാര്‍ പ്രതിഷേധിച്ചു.

സ്പീക്കര്‍ക്കെതിരെ ബാനര്‍ ഉയര്‍ത്തിയും പ്രതിപക്ഷം പ്രതിഷേധിച്ചു. സ്പീക്കര്‍ നീതി പാലിക്കണമെന്നും പ്രതിപക്ഷം പറഞ്ഞു. സ്പീക്കറുടെ ഡയസില്‍ തള്ളിക്കയറാനും ശ്രമം നടത്തി.

അടിയന്തര പ്രമേയ നോട്ടീസ് ഗൗരവമുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ‘ചാനല്‍ ചര്‍ച്ചയ്ക്കിടയില്‍ ബിജെപി നേതാവ് രാഹുല്‍ ഗാന്ധിയുടെ നെഞ്ചില്‍ വെടിയുണ്ട കയറ്റും എന്ന് പറഞ്ഞു. അത് നിസ്സാരമായ വിഷയമെന്ന് സ്പീക്കര്‍ പറഞ്ഞതിനെതിരെ അതിശക്തമായ പ്രതിഷേധം ഉയര്‍ത്തുന്നു. അതില്‍ സര്‍ക്കാര്‍ മറുപടി പറയണ്ടേ.

അയാളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുന്നു. കൊലവിളി നടത്തിയാളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു’, വി ഡീ സതീശന്‍ പറഞ്ഞു. എന്നാല്‍ സഭയില്‍ ഉന്നയിക്കാന്‍ തക്ക കാര്യമില്ല എന്നായിരുന്നു സ്പീക്കറുടെ പ്രതികരണം. ടി വി ചര്‍ച്ചയില്‍ എന്തെങ്കിലും പറഞ്ഞാല്‍ അത് നിയമസഭയില്‍ ഉന്നയിക്കാമോയെന്നും അദ്ദേഹം ചോദിച്ചു. സഭ ഇന്നത്തേക്ക് പിരിഞ്ഞു. ഇനി സഭ അടുത്ത മാസം ആറിന് ചേരും.

രാഹുല്‍ ഗാന്ധിക്കെതിരെ നടത്തിയ കൊലവിളി പ്രസംഗത്തില്‍ പ്രിന്റു മഹാദേവിനെതിരെ കേസെടുത്തിട്ടുണ്ട്. പേരാമംഗലം പൊലീസാണ് കേസെടുത്തത്. മൂന്നു വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസ്. കലാപാഹ്വാനം, സമൂഹത്തില്‍ വിദ്വേഷം പ്രചരിപ്പിക്കല്‍, കൊലവിളി പ്രസംഗം എന്നിവയാണ് ചുമത്തിയിരിക്കുന്നത്.

ഒരു ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെ പരസ്യമായി രാഹുല്‍ ഗാന്ധിക്കെതിരെ കൊലവിളി നടത്തുകയായിരുന്നു പ്രിന്റു മഹാദേവ്. രാഹുല്‍ ഗാന്ധിയുടെ നെഞ്ചില്‍ വെടിയുണ്ട വീഴുമെന്നായിരുന്നു ഇയാള്‍ ചര്‍ച്ചയ്ക്കിടെ പറഞ്ഞത്.

Highlights: Opposition protest in Niyamasabha on threat against Rahul Gandhi

You may also like