ഭവനരഹിതരായ 394 കുടുംബങ്ങൾക്ക് മഞ്ഞും മഴയും വെയിലും കൊള്ളാതെ സ്വസ്ഥമായി ഇനിയുറങ്ങാം. നാളുകൾ നീണ്ട പ്രയത്നത്തിന് ഇന്നലെ സാഫല്യമായി. രാജീവ് ആവാസ് യോജന പദ്ധതി പ്രകാരം കൊച്ചി കോർപ്പറേഷൻ നിർമ്മിച്ച തുരുത്തിയിലെ ഇരട്ട ഫ്ലാറ്റുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ആ കുടുംബങ്ങളുടെ ആത്മസംതൃപ്തിയുടെ നിറഞ്ഞ കണ്ണുകൾ മായാത്ത മറക്കാത്ത മുദ്രയായി അവശേഷിക്കുന്നു. 50% കേന്ദ്രവും 30% സംസ്ഥാനവും ബാക്കിവരുന്ന പണം കൊച്ചി കോർപ്പറേഷനും ചേർന്നാണ് ഈ ബൃഹത് സംരംഭം പൂർത്തിയാക്കിത്.
മട്ടാഞ്ചേരിയിലെ തുരുത്തിയിൽ ചേരി നിർമ്മാജന പദ്ധതിയെ കൂടി മുൻനിർത്തിയാണ് 11 നിലകളുള്ള ഇരട്ട ഫ്ലാറ്റ് സമുച്ചയം തലയുയർത്തി നിൽക്കുന്നത്. സന്തോഷത്തിന്റെ അഭിമാനത്തിന്റെ നിമിഷത്തിലും വിവാദങ്ങൾ വെല്ലുവിളികൾ ക്രെഡിറ്റ് തർക്കങ്ങൾ ഒന്നിന് പിറകെ ഒന്നായി വരുന്നുണ്ട്. വീട് കേവലമായ ഒരു രണ്ടക്ഷരമല്ല ഒരു മനുഷ്യന്റെ മുഴുവൻ സ്വപ്നത്തിന്റെ പ്രതീക്ഷയുടെ പ്രത്യാശയുടെ പ്രതീകമാണ്. അങ്ങനെ 394 കുടുംബങ്ങൾ ഒരേ മനസ്സോടെ ആഗ്രഹിച്ച പ്രാർത്ഥിച്ച സ്വപ്നമാണ് തുരുത്തിയിലെ ഇരട്ട ഫ്ലാറ്റുകൾ. വീടുണ്ടാക്കാൻ പലരും ജീവിതം തന്നെ പണയം വെച്ച് ഇറങ്ങിപ്പുറപ്പെടുന്നത് നമ്മൾ കണ്ടിട്ടുണ്ട്. ആളുകൾക്ക് താമസിക്കാനും സുരക്ഷിതമായി ജീവിതം മുന്നോട്ടു കൊണ്ടുപോകാനും ഉള്ള ഒരു ഇടം എന്നെ പുറത്തുനിന്നുള്ളവർക്ക് തോന്നും.
എന്നാൽ അത് അങ്ങനെയല്ല അകത്തു കിടന്നുറക്കുന്നവർക്ക് വാക്കുകൾക്കതീതമായ ആത്മബന്ധമാണ് ആ ഇടത്തോടുള്ള. ജീർണ്ണിച്ച രാഷ്ട്രീയം പറഞ്ഞ് അതിനുമേൽക്ക് ചെളി വാരിയെറിയുന്നവരോട് എന്താണ് പറയേണ്ടതെന്ന് അറിയില്ല. വിവാദങ്ങളുടെ ചുഴിയിൽ പെട്ടില്ലാതായ പദ്ധതികൾ കേരളത്തിന് മുന്നിലുണ്ട്. ഭവനരഹിതരായ നിരവധി മനുഷ്യർക്ക് കൂടൊരുക്കാൻ സർക്കാർ ആവിഷ്കരിച്ച ലൈഫ്മിഷൻ പദ്ധതി സത്യത്തിൽ ജീവിക്കുന്ന രക്തസാക്ഷി അല്ലേ. ആ കെട്ടിടം നാശോൻമുഖമായ അവസ്ഥയിലാണ്.
കക്ഷിരാഷ്ട്രീയത്തിന്റെ ബാനറുകളുമായി സങ്കുചിതമായ താല്പര്യങ്ങളുടെ പുറത്ത് ഇറങ്ങിപ്പുറപ്പെടുന്നവർക്ക് വീടില്ലാതെ കഷ്ടപ്പെടുന്നവന്റെ വേദന ദൈന്യത മനസ്സിലായി കൊള്ളണമെന്നില്ല. സ്വന്തം വീട്ടിൽ അന്തിയുറങ്ങാൻ കഴിയാതെ പോകുന്ന ഒട്ടനവധി ജീവിതങ്ങൾ കൂടിയുള്ള നാടാണ് നമ്മുടെ ഈ കൊച്ചു കേരളം. അതുപോലെതന്നെയാണ് ഈ രാജ്യത്തും ലോകത്തും ഉള്ളത്. മനുഷ്യന് ആറടി മണ്ണ് പോലെ അവകാശപ്പെട്ടതാണ് ജീവിക്കാൻ ജീവനുള്ള കാലത്തോളം കഴിയാൻ വീട്. വികസന പദ്ധതികൾ തുടങ്ങുമ്പോൾ തന്നെ ആക്ഷേപങ്ങളും അധിക്ഷേപങ്ങളും വിമർശനങ്ങളും ആരോപണങ്ങളും സ്വാഭാവികമാണ്.
ഭരണാധികാരികൾ അതിനെ കേൾക്കുകയും ഉൾക്കൊള്ളുകയും ആവശ്യമുള്ളതിനെ മാത്രം തിരുത്താനായി ഉപയോഗിക്കുകയും ചെയ്യേണ്ടതുണ്ട്. എന്നാൽ, പ്രശ്നക്കാരെ എല്ലാം ഒതുക്കി ഒരിടത്തും ഒന്നും വളർന്നതായോ വിത്തിട്ട തായോ കേട്ടുകേൾവി പോലുമില്ല. അധികാരമുള്ള കാലത്ത് ഉയർന്നുവന്ന പ്രതിഷേധങ്ങളെ നേരിടാൻ കഴിയാതെ ഒതുങ്ങിപ്പോയി എന്നതിൻ്റെ ഫലമാണ് ഇപ്പോൾ ഉന്നയിക്കുന്നത് ആയിട്ടുള്ള പിതൃത്വ അവകാശവാദങ്ങൾ. ജനങ്ങൾക്ക് നല്ലത് ചെയ്യാൻ വേണ്ടിയാണ് അധികാരം കാലാകാലങ്ങളോളം ജനാധിപത്യ രീതിയിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന വ്യത്യസ്തങ്ങളായ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ഏൽപ്പിക്കുന്നത്. ആ ഘട്ടത്തിൽ അവർ ഇവരിൽ എല്ലാം പുലർത്തുന്ന പ്രതീക്ഷയുണ്ട്.
അതിന് കാത്തുസൂക്ഷിക്കാനും അനുയോജ്യമായ രീതിയിൽ പ്രവർത്തിക്കാനും പ്രതികരിക്കാനും കഴിയാതെ ഇതാ അവർ എതിർക്കുന്നു ഇവർ എതിർക്കുന്നു എന്നുള്ള പരാതികളും പരിവേദനങ്ങളും മാത്രം പങ്കുവെക്കാതെ ഇച്ഛാശക്തിയോടുകൂടി പ്രവർത്തികൾ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്ന വരെയാണ് കാലം നേതാക്കൾ എന്നും ഭരണാധികാരികൾ എന്നും പേര് വിളിക്കുന്നത്. അവർക്കു മാത്രമേ ചരിത്രത്തിൽ സ്ഥാനമുള്ളൂ. കൊച്ചി കേരളത്തിന്റെ വ്യവസായ നഗരമാണ്. അനന്തസാധ്യതകളുടെ വാതായനങ്ങൾ സദാ തുറക്കപ്പെട്ടിട്ടുള്ള ഇടം.
അനാവശ്യമായ കക്ഷിരാഷ്ട്രീയത്തിന്റെ വിവാദ വേലിക്കട്ടികളിൽ നിന്ന് മാറി നടന്നതുകൊണ്ടാണ് മാറിനടക്കാൻ ആ നാടിനെ നയിച്ചവർ ശീലിപ്പിച്ചത് കൊണ്ടാണ് ഇത്തരത്തിലുള്ള അഭിമാനാർഹമായ മുദ്രകൾ അവിടെ തലയുയർത്തി നിൽക്കുന്നത്. അതുകൊണ്ട് മാറേണ്ടതും മാറ്റപ്പെടേണ്ടതും ആശയങ്ങളെല്ലാം കാഴ്ചപ്പാടുകളും മനോഭാവവും ആണ്. ലോകത്ത് ഒന്നും ഉടനടി അംഗീകരിക്കപ്പെടുകയോ പ്രോത്സാഹിപ്പിക്കപ്പെടുകയോ ചെയ്തിട്ട് നിരന്തരമായ എതിർപ്പുകൾ ഒന്നിന് പിറകെ ഒന്നായുള്ള പ്രശ്നങ്ങൾ കടന്നുവരും തികച്ചും സ്വാഭാവികം മാത്രം. അതിനെയെല്ലാം സമചിത്തയോടുകൂടി നേരിട്ട് ലക്ഷ്യപ്രാപ്തിയിലേക്ക് എത്തണം. കൊച്ചി കോർപ്പറേഷൻ ഉജ്ജ്വലമായ മാതൃകയും മുന്നേറ്റവുമാണ് നടത്തിയിട്ടുള്ളത്. തീർച്ചയായും കേരളത്തിന്റെ ഒന്നാകെയുള്ള അഭിനന്ദനങ്ങൾ അവർ അർഹിക്കുന്നു.
Highlights: TANINIRAM EDITORIAL TODAY 28.09.2025