തിരുവനന്തപുരം(Thiruvanathapuram): എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും പോസ്റ്ററുകൾ. പത്തനംതിട്ടയിലും തിരുവനന്തപുരത്തുമാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. പത്തനംതിട്ട കലഞ്ഞൂർ കരയോഗത്തിന് മുന്നിൽ ബാനറുകളും സ്ഥാപിച്ചിട്ടുണ്ട്.
ശനിയാഴ്ച നടന്ന പ്രതിനിധിസഭ യോഗത്തിൽ സമദൂരത്തിലെ ശരിദൂരമാണ് എൻഎസ്എസിന്റെ ഇപ്പോഴത്തെ നിലപാടെന്ന് ജി.സുകുമാരൻ നായർ വ്യക്തമാക്കിയിരുന്നു. വിശ്വാസ വിഷയങ്ങളിൽ സംസ്ഥാന സർക്കാരിനെ പിന്തുണച്ചതിന് പിന്നാലെയാണ് സുകുമാരൻ നായർ നിലപാട് അറിയിച്ചത്.
നിലപാട് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സുകുമാരൻ നായർക്കെതിരെ പ്രതിഷേധം ശക്തമായിരിക്കുന്നത്. ഇന്നത്തെ പ്രതിനിധി സഭയിൽ സുകുമാരാ നീ ആഞ്ഞു കുത്തിയത് അയ്യപ്പ ഭക്തരുടെ നെഞ്ചിലാണെന്നാണ് ബാനറിലെ ആദ്യ വാചകം.
മന്നത്ത് പടുത്തുയര്‍ത്തിയ മഹാപ്രസ്ഥാനത്തെ വഞ്ചിച്ച് കാലം കഴിക്കാതെ സ്ഥാനം ഒഴിഞ്ഞു പോയ്ക്കൂടെയെന്നാണ് പോസ്റ്ററിലെ മറ്റൊരു ചോദ്യം.
നെയ്യാറ്റിൻകര കുറ്റിയാണിക്കാട് എൻഎസ്എസ് കരയോഗത്തിന് മുന്നിലും സുകുമാരൻ നായർക്കെതിരെ ബാനര്‍ സ്ഥാപിച്ചിട്ടുണ്ട്. കുറ്റിയാണിക്കാട് നായർ സമൂഹത്തിന്റെ പേരിലാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.
Highlights: ‘He stabbed Ayyappa devotees in the chest’; Posters criticizing G. Sukumaran Nair again