Saturday, December 6, 2025
E-Paper
Home Tourismഉൾനാടൻ കാഴ്ചകളും അറിവുകളും ലോകത്തെ അറിയിച്ച് ‘ശ്രീജീവ’ യാത്ര

ഉൾനാടൻ കാഴ്ചകളും അറിവുകളും ലോകത്തെ അറിയിച്ച് ‘ശ്രീജീവ’ യാത്ര

by news_desk
0 comments


തൃശൂർ(Thrissur): ചിമ്മിനിക്കാടുകൾക്കുള്ളിൽ വനജീവിതങ്ങളുടെ ആരോ​ഗ്യം കാക്കുന്ന ഔഷധച്ചെടികളുണ്ടെന്ന് അറിഞ്ഞിട്ടുണ്ടോ? കാട്ടുചെ‌ടികളുടെ രുചിവൈഭവം അത്രമേൽ സ്വാദിഷ്ടമെന്ന് അറിഞ്ഞിട്ടുണ്ടോ?.. ചിമ്മിനി ഡാമിനെ കുറിച്ചും, കാടിനെ കുറിച്ചും അറിയാമായിരുന്നുവെങ്കിലും ഇതൊരു പുതിയ അറിവായിരുന്നു. അനുഭവിച്ചറിഞ്ഞ അറിവ്. സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന് കീഴിൽ രജിസ്റ്റർ ചെയ്ത ശ്രീജീവം ഉത്തരവാദിത്ത ടൂറിസം ക്ളബ് സ്ത്രീകൾക്കായി ഒരുക്കിയ വനയാത്രയുടെ അനുഭവമാണത്. വീട്ടകങ്ങൾ ലോകമായൊതുങ്ങിയ സ്ത്രീജീവിതങ്ങൾക്ക് സ്വയംസംരംഭകത്വത്തിന്റെയും പുതിയ ജീവിതത്തിന്റെയും വഴിതെളിച്ച ഉത്തരവാദിത്ത ടൂറിസം, കേരളത്തിന്റെ ടൂറിസം മേഖലയിലും അതിൽ സ്ത്രീകളുടെ സജീവതയുമുണ്ടാക്കിയ ചലനം ചെറുതല്ല. അതിൽ തന്നെ കേരളത്തിൽ ഏറ്റവും സജീവമായി പ്രവർത്തിക്കുന്നത് തൃശൂർ ജില്ലയിലെ ശ്രീജീവം ഉത്തരവാദിത്ത ടൂറിസം ക്ളബ് ആണ്.

ഇക്കഴിഞ്ഞ ഓണനാളുകളിൽ കേരളം സന്ദർശിച്ച 11 ഓളം രാജ്യങ്ങളിൽ നിന്നെത്തിയ വിദേശ വിനോദ സഞ്ചാരികൾ തൃശൂരിൽ പുലിക്കളി മഹോൽസവം ആസ്വദിക്കുന്നതിനൊപ്പം നാടും വീടും വിരുന്നുകാരും ഒന്നാവുന്ന അനുഭവമാസ്വദിച്ച്, ശ്രീജീവത്തിന്റെ പ്രവർത്തനത്തെയും അതിലെ അം​ഗങ്ങളുടെ ഇടപെടലിനെയും കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞത് ‘കേരളത്തിന്റെ സ്ത്രീ കരുത്തെ’ന്ന് വിശേഷിപ്പിച്ചാണ്. ഒരു വർഷം മാത്രമാണ് ശ്രീജീവം ഉത്തരവാദിത്ത ടൂറിസം ക്ളബിന്റെ പ്രായം. ശ്രീജീവം പ്രവർത്തനം തുടങ്ങി ആഴ്ചക്കുള്ളിലായിരുന്നു ചിമ്മിനി വനയാത്ര ആസൂത്രണം ചെയ്തത്.

കാടറിവുകൾ അറിയുകയെന്നതിനൊപ്പം വനവാസികൾക്ക് അവരുടെ വിഭവങ്ങൾ വിൽപ്പന നടത്താൻ കഴിയുന്ന സൗകര്യവും ഒരുക്കിയായിരുന്നു പദ്ധതി. ആദ്യ പരിപാടി തന്നെ മികച്ചതായപ്പോൾ പ്രവർത്തകർക്കാകെ ആവേശം. വീട്ടകങ്ങളിൽ ഒതുങ്ങിക്കഴിഞ്ഞവർ പുതിയ ഉത്തരവാദിത്തങ്ങളും സ്വയംസംരംഭകരായി സമൂഹത്തിൽ പുതിയ മേൽവിലാസമുണ്ടാക്കിയ അഭിമാനത്തിലാണ് പ്രവർത്തകർ. പലർക്കും ഇന്ന് വഴികാട്ടികളും അവസരങ്ങളൊരുക്കുന്നവരും വരുമാനമുണ്ടാക്കുന്നവരുമാണ്. വനിതാ ദിനത്തിൽ ക്ളബ് സംഘടിപ്പിച്ച സംരംഭക-യാത്രിക സംഗമം കേരളത്തിലെ തന്നെ ഏറ്റവും ശ്രദ്ദേയമായിരുന്നു. തിരക്ക് പിടിച്ച ഷെഡ്യൂളായിരുന്നിട്ടും മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനിൽ പരിപാടിയിൽ പങ്കുചേർന്ന് അഭിസംബോധന ചെയ്തു.

സ്ത്രീ യാത്രികരെയും സ്ത്രീസംരംഭക കൂട്ടായ്മയായ കിള്ളിമംഗലം പുൽപ്പായ നെയ്ത്ത് സംഘത്തെയും പരിപാടിയിൽ ആദരിച്ചപ്പോൾ ഇതൊരു പുതിയ അനുഭവമാണെന്ന അനുഭവ സാക്ഷ്യത്തിന് മന്ത്രി തന്നെ സാക്ഷിയായി. കേരളത്തിന്റെ ടൂറിസം മേഖലയിൽ നിർണായക പങ്ക് വഹിക്കുകയാണ് സ്ത്രീകളെന്നും ശ്രീജീവത്തിന്റെ പ്രവർത്തനത്തിന് അഭിനന്ദനവും ക്ളബിന്റെ പ്രവർത്തനത്തിന് ആവേശമായി സൂക്ഷിക്കുന്നു. അന്താരാഷ്ട്ര വനിതാ സമ്മേളനത്തിന് വേദിയായത് കേരളമാണ്. ലോകമാകെ കേരളത്തിന്റെ പുതിയ ചുവടിനെ അറിഞ്ഞ പരിപാടിയിൽ ലോക പ്രതിനിധികൾക്കൊപ്പം തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളിൽ ശ്രീജീവം ഉത്തരവാദിത്ത ടൂറിസം മിഷനും ഉൾപ്പെട്ടത് ഈ മികവ് തന്നെ. ഏറ്റവും ഒടുവിലത്തേതാണ് വിദേശ വിനോദ സഞ്ചാരികളുടെ ഓണനാളുകളിലെ കേരള സന്ദർശനം. തൃശൂരിന്റെ തനത് കലാരൂപം പുലിക്കളി കാണുക മാത്രമല്ല, മനുഷ്യൻ പുലിയായി മാറുന്ന വിസ്മയം അനുഭവിക്കാനുള്ള അവസരമൊരുക്കി. പുലിക്കൊപ്പം ചുവട് വെച്ച് അവർ ആസ്വദിച്ചു.

അനുഭവം വിവരണാതീതമെന്നും ഇനിയും വരുമെന്ന് അവർ തന്നെ പങ്കുവെച്ചു. നാട്ടറിവുകളെ, നാട്ടുകാഴ്ചകളെ, അവിടുത്തെ വൈവിധ്യങ്ങളെ അങ്ങനെ ​ഗ്രാമീണതലത്തിൽ നാടിന്റെ അകത്തള ടൂറിസം ലോകത്തിന് പരിചയപ്പെടുത്തുന്ന പുതിയ പദ്ധതികൾ ഒരുക്കുകയാണ് ശ്രീജീവം ഉത്തരവാദിത്ത ടൂറിസം ക്ളബ്. എല്ലാറ്റിനും മാർ​ഗനിർദേശവും സംശയനിവാരണവും നൽകി സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ സി.ഇ.ഒ കെ.രൂപേഷ്കുമാർ ഒപ്പമുണ്ടെന്നതാണ് ക്ളബിന്റെ പ്രവർത്തനത്തിന് പ്രചോദനമെന്ന് ക്ളബ് ഭാരവാഹികൾ പറയുന്നു. എം.വി വിദ്യ പ്രസിഡന്റും നിഷ രാമകൃഷ്ണൻ സെക്രട്ടറിയും ശ്രീദേവി പി നമ്പൂതിരിപ്പാട് വൈസ് പ്രസിഡന്റും കെ.എസ് സുരേഖ ട്രഷററും മനീഷ ജോ.സെക്രട്ടറിയുമായുള്ള ഭരണസമിതിയാണ് ക്ളബിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

Highlights: ‘Sreejeeva’ journey conveys the views and knowledge of the interior to the world

You may also like