Saturday, December 6, 2025
E-Paper
Home Keralaകണിമംഗലത്തെ വിൻസന്റ് വധക്കേസ്: പ്രതികൾക്ക് ശിക്ഷവിധിച്ച് കോടതി

കണിമംഗലത്തെ വിൻസന്റ് വധക്കേസ്: പ്രതികൾക്ക് ശിക്ഷവിധിച്ച് കോടതി

by news_desk
0 comments

തൃശൂർ(Thrissur): തൃശൂര്‍ കണിമംഗലത്ത് മോഷണ ശ്രമത്തിനിടെ വയോധികനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ശിക്ഷ വിധിച്ച് കോടതി. ഒന്നാം പ്രതിക്ക് 19 വര്‍ഷം തടവും രണ്ടാം പ്രതിക്ക് പതിനാല് വര്‍ഷം തടവുമാണ് തൃശൂര്‍ രണ്ടാം അഡീഷ്ണല്‍ സെഷന്‍സ് കോടതി വിധിച്ചത്. പതിനൊന്ന് കൊല്ലം മുമ്പ് നവംബര്‍ പത്തൊമ്പത്തിന് കണിമംഗലത്തെ കൈതക്കോടന്‍ വീട്ടിൽ വിന്‍സന്‍റ് എന്ന 79കാരനെ കൊലപ്പെടുത്തിയ കേസിലാണ് രണ്ടു പ്രതികളെ കോടതി ശിക്ഷിച്ചത്. ഒന്നാം പ്രതി ഒല്ലൂര്‍ സ്വദേശി മനോജ്, രണ്ടാം പ്രതി കണിമംഗലം വേലപ്പറമ്പില്‍ ജോര്‍ജ്ജിന്‍റെ ഭാര്യ ഷൈനി എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്.

മനോജിന് വിവിധ വകുപ്പുകളിലായി പത്തൊമ്പത് കൊല്ലം തടവു ശിക്ഷയാണ് വിധിച്ചത്. മനോജ് ഒരുലക്ഷത്തി എഴുപതിനായിരം പിഴയൊടുക്കണം. ഷൈനിക്ക് പതിനാല് കൊല്ലം തടവു ശിക്ഷ വിധിച്ച കോടതി ഒന്നര ലക്ഷം പിഴയടയ്ക്കാനും ഉത്തരവിട്ടു. പ്രതികളില്‍ നിന്ന് ഈടാക്കുന്ന പിഴയില്‍ നിന്ന് ഒരുലക്ഷം വീതം മരിച്ച വിന്‍സന്‍റിന്‍റെ കുടുംബത്തിന് കൈമാറാനും ഉത്തരവിലുണ്ട്.

2014 നവംബര്‍ 19 ന് ബന്ധുവീട്ടില്‍ വിരുന്നു കഴിഞ്ഞ് കണിമംഗലത്തെ വീട്ടിലെത്തിയ വിന്‍സന്‍റിനെയും ഭാര്യ ലില്ലിയെയും മുഖം മൂടി ധരിച്ചെത്തിയ മൂന്നംഗ സംഘം ആക്രമിക്കുകയായിരുന്നു. പിന്നീട് ഇരുവരെയും കെട്ടിയിട്ട് പന്ത്രണ്ട് പവന്‍ കവര്‍ന്നു. അലമാരയിലുണ്ടായിരുന്ന മുപ്പത്തി അയ്യായിരം രൂപയും മോഷ്ടാക്കള്‍ എടുത്തുകൊണ്ടു പോയി. കെട്ടഴിച്ച് നിലവിളിച്ചപ്പോള്‍ അയല്‍വാസിയായിരുന്ന ഷൈനിയാണ് കത്തിയുമായി ഓടിവന്ന് കെട്ടറുത്ത് ഇരുവരേയും മോചിപ്പിക്കുന്നത്. വിന്‍സന്‍റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

വിന്‍സന്‍റിന്‍റെ വായ ഒട്ടിക്കാനായി ഉപയോഗിച്ച പ്ലാസ്റ്ററിലെ സ്റ്റിക്കറായിരുന്നു കേസിലെ പ്രതികളിലേക്കുള്ള തുമ്പ്. കടയിൽ അന്വേഷിച്ചപ്പോള്‍ മനോജാണ് വാങ്ങിയതെന്ന് വ്യക്തമായി. മനോജില്‍ നിന്ന് ഷൈനിയിലേക്കും മനിലേക്കും എത്തി. വിന്‍സന്‍റിന്‍റെ അയല്‍വാസിയായിരുന്ന ഷൈനിയായിരുന്നു കവര്‍ച്ചയുടെ ആസൂത്രണം നടത്തിയത്. പ്രായപൂര്‍ത്തിയാവാത്ത മകനെയും അവന്‍റെ പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു സുഹൃത്തിനെയും അടുപ്പക്കാരനായ മനോജിനെയും വച്ച് നടപ്പാക്കിയ കവര്‍ച്ച. കേസില്‍ മകന്‍റെ കൂട്ടുകാരനെ മാപ്പുസാക്ഷിയാക്കി. മകനെ ജ്യുവനൈല്‍ കോടതി നേരത്തെ ശിക്ഷിച്ചിരുന്നു.

Highlights: Kanimangalam Vincent murder case: Court sentences the accused

You may also like