മസ്കറ്റ്(Musket): ഒമാൻ പര്യടനത്തിലെ രണ്ടാമത്തെ മൽസരത്തിൽ കേരള ക്രിക്കറ്റ് ടീമിന് വിജയം. അവസാന പന്ത് വരെ ആവേശം നിറഞ്ഞ് നിന്ന മൽസരത്തിൽ കേരളം ഒരു റണ്ണിനാണ് ഒമാൻ ചെയർമാൻ ഇലവനെ തോൽപിച്ചത്.ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 166 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചെയർമാൻ ഇലവന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 165 റൺസ് മാത്രമാണ് എടുക്കാനായത്. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ കേരളം 1-1ന് ഒപ്പമെത്തി. ആദ്യ മത്സരം ഒമാന്‍ ചെയര്‍മാന്‍സ് ഇലവൻ ജയിച്ചിരുന്നു.
ടോസ് നേടിയ ചെയർമാൻ ഇലവൻ കേരളത്തെ ആദ്യം ബാറ്റ് ചെയ്യാൻ അയക്കുകയായിരുന്നു. കൃഷ്ണപ്രസാദിനൊപ്പം കേരളത്തിന് വേണ്ടി ഇന്നിങ്സ് തുറന്ന വിഷ്ണു വിനോദ് തുടക്കം മുതൽ തകർത്തടിച്ച് മുന്നേറി. 15 പന്തുകളിൽ രണ്ട് ഫോറും മൂന്ന് സിക്സും അടക്കം 30 റൺസാണ് വിഷ്ണു നേടിയത്. തുടർന്നെത്തിയ അജ്നാസ് എട്ട് റൺസെടുത്ത് പുറത്തായി. മൂന്നാം വിക്കറ്റിൽ കൃഷ്ണപ്രസാദും അഖിൽ സ്കറിയയും ചേർന്ന് 32 റൺസ് കൂട്ടിച്ചേർത്തു. 20 റൺസെടുത്ത അഖിൽ സ്കറിയ പുറത്തായതിന് ശേഷമെത്തിയ ആർക്കും മികച്ച ഇന്നിങ്സ് കാഴ്ച വയ്ക്കാനായില്ല. ക്യാപ്റ്റൻ സാലി വിശ്വനാഥ് നാലും എ കെ അർജുൻ 17ഉം, അൻഫൽ പത്തും, കൃഷ്ണദേവൻ രണ്ടും റൺസെടുത്ത് പുറത്തായി. മറുവശത്ത് ഉറച്ച് നിന്ന കൃഷ്ണപ്രസാദിന്‍റെ ഇന്നിങ്സാണ് കേരളത്തിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. കൃഷ്ണപ്രസാദ് 42 പന്തുകളിൽ 59 റൺസെടുത്തു. ചെയർമാൻ ഇലവന് വേണ്ടി ജിതൻകുമാർ രാമനന്ദി മൂന്ന് വിക്കറ്റ് വീഴ്ത്തി.
അടിതെറ്റി ഒമാന്‍
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചെയർമാൻസ് ഇലവന് ആദ്യ പന്തിൽ തന്നെ ഓപ്പണർ ആമിർ കലീമിന്‍റെ വിക്കറ്റ് നഷ്ടമായി. ക്യാപ്റ്റൻ സാലി വിശ്വനാഥാണ് വിക്കറ്റ് നേടി കേരളത്തിന് മികച്ച തുടക്കം നൽകിയത്. സ്കോർ 26ൽ നില്‍ക്കെ 14 റൺസെടുത്ത ഹമ്മദ് മിർസയും പുറത്തായി. എന്നാൽ ഹുസ്നൈൻ ഉൾ വഹാബും മുഹമ്മദ് നദീമും ചേർന്ന് മൂന്നാം വിക്കറ്റിൽ 36 റൺസ് കൂട്ടിച്ചേർത്തു. 28 റൺസെടുത്ത ഹുസ്നൈൻ റണ്ണൌട്ടാവുകയായിരുന്നു. തുടർന്നെത്തിയ വിനായക് ശുക്ലയുടെ പ്രകടനമാണ് ഒമാനെ വിജയത്തിന് തൊട്ടരികിൽ വരെയെത്തിച്ചത്. 28 പന്തുകളിൽ നിന്ന് ആറ് ഫോറും മൂന്ന് സിക്സുമടക്കം 58 റൺസാണ് വിനായക് നേടിയത്. 18ആം ഓവറിൽ വിനായകിനെ പുറത്താക്കി കെ എം ആസിഫാണ് കേരളത്തിന് നിർണ്ണായക വഴിത്തിരിവ് സമ്മാനിച്ചത്.
Highlights: Last ball thriller, Kerala defeats Oman in thrilling encounter, wins by one run