ശബരിമലയുടെ വികസനത്തിന് തുറന്ന ചർച്ചകൾ അനിവാര്യം’അയ്യപ്പൻറെ ഉറക്കു പാട്ടായ ഹരിവരാസനം ചിട്ടപ്പെടുത്തിയത് നിരീശ്വരവാദിയായ ദേവരാജൻ മാസ്റ്റർ ആണ്, ആലപിച്ചത് ജന്മംകൊണ്ട് ക്രൈസ്തവനായ യേശുദാസ് ആണ്. സന്നിധാനത്തിലേക്കുള്ള യാത്രാ മധ്യേ തൊഴുതു നീങ്ങുന്നത് വാവർ നടയിലൂടെയാണ്, വാവരാകട്ടെ ഇസ്ലാമാണ്, മധ്യകേരളത്തിൽ നിന്ന് മല ചവിട്ടാൻ പോകുന്ന അയ്യപ്പഭക്തർ ക്രൈസ്തവ ദേവാലയമായ അർത്തുങ്കൽ പള്ളിയിലും കാണിക്കയിടുന്നു. ഇങ്ങനെ സർവ്വധർമ്മ സമഭാവനയുടെ പ്രതീകമായി നിൽക്കുന്ന എത്ര ദേവാലയങ്ങൾ ഉണ്ട് ലോകത്ത്. അങ്ങനെ ആലോചിക്കുമ്പോൾ ആണ് ശബരിമലയ്ക്കുള്ള പ്രത്യേകത കൂടുതൽ കൂടുതൽ വ്യക്തമാകുന്നത്” ഇന്നലെ പമ്പയാറിന്റെ തീരത്ത് ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ വാക്കുകളാണിത്.
മതേതരത്വത്തിന്റെ മഹാഗോപുരമാണ് ശബരിമല ലോകത്തിനു മുന്നിൽ മലയാളിയുടെ അടയാളമാണ്. എല്ലാ മനുഷ്യർക്കും ഒരുപോലെ പ്രാപ്തമായ ആരാധനാലയമാണ് ശബരിമല. അവിടത്തെ പുനരുദ്ധാരണ പ്രവർത്തനങ്ങളെ പറ്റി ഭക്തജനങ്ങൾക്ക് സൗകര്യത്തോടുകൂടി ആരാധന നടത്തുന്നതിന് സർക്കാർ എന്ന നിലയിലും ദേവസ്വം ബോർഡ് ചെയ്യേണ്ടതും ആയിട്ടുള്ള ഉത്തരവാദിത്തമാണ് പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമം. ശബരിമലയുടെ മാസ്റ്റർ പ്ലാൻ സംബന്ധിച്ച് സംസ്ഥാനത്ത് മാറിമാറി വന്ന സർക്കാരുകൾ പലവിധമായ അഭിപ്രായപ്രകടനങ്ങളും പഠനങ്ങളും നടത്തിയിട്ടുണ്ടായിരുന്നു. പലപ്പോഴും അതും എങ്ങും എത്താതെ പോയി എന്നുള്ളതാണ് വസ്തുത. ഇതിന്റെ പ്രധാന ഗുണഭോക്താക്കളായ ഭക്തജനങ്ങളിൽ നിന്ന് അനുബന്ധ സംഘടനകളിൽ നിന്നും പ്രസ്ഥാനങ്ങളിൽ നിന്നുമുള്ള അഭിപ്രായങ്ങളും അവരുമായുള്ള ഗൗരവതരമായ ചർച്ചകളും നടത്തി വേണം ഇത്തരമൊരു പ്രവർത്തനത്തിന് ഔപചാരികമായ തുടക്കം ഉണ്ടായിരിക്കേണ്ടത്. അത് ഏത് സർക്കാർ ആണെങ്കിലും ഭരണകാലയളവിന്റെ അവസാന പദത്തിൽ നിൽക്കുന്ന ഈ സർക്കാർ ആണെങ്കിലും ഇനി വരുന്ന സർക്കാരാണെങ്കിലും ചെയ്യേണ്ടത്.
പക്ഷേ, ഒന്നു മാത്രം പറയുന്നു കോടികളുടെ വമ്പൻ കണക്കുകൾ മാത്രം നിരത്തി മൈതാന പ്രസംഗം നടത്തിപ്പോകുന്ന വേദിയായി ആഗോള അയ്യപ്പ സംഗമം വരുന്ന കാലത്ത് അറിയപ്പെട്ടുകൂടാ. അതിനാൽ സംഗമ വേദിയിൽ ഉയർന്നുവന്ന അഭിപ്രായങ്ങൾക്കും നിർദ്ദേശിക്കപ്പെട്ട തിരുത്തലുകൾക്കും കൂട്ടിച്ചേർക്കൽ പെടലുകൾക്കും കൃത്യമായ വിലയിരുത്തലുകളും തുടർ പരിശോധനകളും ഉണ്ടാകേണ്ടതുണ്ട്. സമാനതകളില്ലാത്ത മനുഷ്യവംശത്തിന്റെ വികാരവിചാരങ്ങളെ തത്വമസി എന്ന മഹാ മന്ത്രത്തിന് കീഴിൽ ആശയധാരയാൽ നിയന്ത്രിക്കാനും നേർവഴിക്കുന്നയിക്കാനും കഴിയുന്ന ഇടം കൂടിയാണിത്. ഭക്തിയുടേതായ അന്തരീക്ഷത്തിന് ഉപരിയായി സാമൂഹിക ദുരാചാരങ്ങൾക്കെതിരെയുള്ള പ്രതിരോധത്തിന്റെ കൂടി പ്രതീകമാണ് ഇവിടം. അവിടെ നടക്കപ്പെടുന്നതായിട്ടുള്ള ഏതു കാര്യമാണെങ്കിലും അതിന് മലയാളികൾ ഒന്നടങ്കമുള്ള സാന്നിധ്യവും പിന്തുണയും അനിവാര്യമാണ്. കേവലം മതസമുദായിക സംഘടനകളുടെ പിന്തുണയ്ക്കോ പിന്തുണയില്ലായ്മയിലേക്ക് ഒതുക്കപ്പെടേണ്ടതല്ല ശബരിമലയുടെ പേരും പ്രശസ്തിയും മൂല്യങ്ങളും. സർക്കാരിന്റെ രാഷ്ട്രീയം ഏതു തന്നെയാണെങ്കിലും ശബരിമലയിൽ ഒട്ടും പ്രസക്തിയില്ല എന്നുള്ളത് തെളിയിക്കപ്പെട്ട കാര്യമാണ്.
ആഗോള അയ്യപ്പ സംഗമം വിജയകരമാണോ അല്ലയോ എന്നുള്ളത് കാലം തെളിയിക്കട്ടെ. എന്നാൽ, തുറന്ന മനസ്സോടെ സദുദ്ദേശപരമായി ഈ സമ്മേളനത്തിന്റെ ഭാഗമാകാൻ വന്ന നിസ്വാർത്ഥരായ വ്യക്തികളുണ്ട് അവരെ കേൾക്കാൻ കക്ഷിരാഷ്ട്രീയത്തിന്റെ വേർതിരിവുകൾ ഇല്ലാതെ സംസ്ഥാനത്തിന്റെ ജനാധിപത്യ മനസ്സ് ഒന്നടങ്കം ശബരിമലയിലെത്തേണ്ടതായിരുന്നു. അതിനുപകരം ഞങ്ങൾ ഉന്നയിച്ച ചില ചോദ്യങ്ങൾക്ക് മറുപടി വേണം സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട നടന്ന പ്രക്ഷോഭങ്ങളുടെ കാര്യത്തിൽ സർക്കാരിന്റെ ഇപ്പോഴത്തെ നിലപാട് എന്താണ്,അന്ന് പ്രക്ഷോഭം നയിച്ചവർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കുമോ ഇത്തരത്തിലുള്ള ചോദ്യങ്ങൾ നിരത്തി പങ്കെടുക്കാതിരിക്കുക അല്ലായിരുന്നു ചെയ്യേണ്ടിയിരുന്നത് ശബരിമല പ്രക്ഷോഭത്തിന്റെ നന്മയും തിന്മയും കേരള പൊതുസമൂഹത്തിന് വ്യക്തമായി അറിയാം. സർക്കാർ ഏത് ഘട്ടത്തിലാണ് സമരക്കാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കേണ്ടി വന്നത് എന്ന് ചോദ്യം ചോദിച്ച പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള ഉത്തരവാദിത്തപ്പെട്ട വ്യക്തികൾ ഒന്ന് മനസ്സിരുത്തി ആലോചിക്കുന്നത് നന്നായിരിക്കും. സുവർണ്ണാവസരമായി കണ്ട് വർഗീയതയുടെ വിഷം ആളിക്കത്തിച്ച് കേരളത്തിന്റെ ശാന്തതയും സമാധാനവും തല്ലിക്കിടത്താൻ ഒരുങ്ങി പുറപ്പെട്ടവരെ സമാധാനത്തിന്റെ വാക്കുകൾ കൊണ്ടായിരുന്നു അന്ന് കേരളം നേരിടേണ്ടിയിരുന്നത്.
അന്ന് സർക്കാർ സ്വീകരിച്ചത് ധീരമായ നിലപാടാണ്. വിശ്വാസങ്ങൾക്കോ ആരാധനാലയങ്ങളുടെ പരിശുദ്ധിയെ കളങ്കപ്പെടുത്താൻ ഭക്തജനങ്ങളുടെ താല്പര്യങ്ങളെയും വികാരങ്ങളെയും വ്രണപ്പെടുത്താനോ ഇവിടെ ഒരു ജനാധിപത്യ സർക്കാരും ഇന്നോ ഇന്നലെയോ എന്നല്ല ഒരുകാലത്തും പരിശ്രമിക്കുകയില്ല കാരണം ഇത് മതേതര കേരളമാണ്. നവോഥാന മൂല്യങ്ങളാൽ കെട്ടി ഉറപ്പിക്കപ്പെട്ടിട്ടുള്ള വൻ മതിലിൽ നിന്നാണ് സംസ്ഥാന ഒറ്റക്കെട്ടായി കലാപകാരികളെ നേരിട്ടത്.നിർബന്ധിച്ച സ്ത്രീ പ്രവേശനം സാധ്യമാക്കുന്ന ഒരു നടപടിയും അംഗീകരിക്കാൻ ആവില്ല. പക്ഷേ ഭരണഘടന അനുശാസിക്കുന്ന ആരാധനാസ്വാതന്ത്ര്യം പ്രായവ്യത്യാസങ്ങൾ ഇല്ലാതെ സർവ്വചനങ്ങൾക്കും ഉറപ്പുവരുത്താനുള്ള ധാർമികമായ ഉത്തരവാദിത്വത്തിൽ നിന്ന് സർക്കാരിന് ഒഴിഞ്ഞുമാറാൻ ആവുമോ. അതുകൊണ്ടുതന്നെ ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കൊണ്ട് അന്നത്തെയും ഇന്നത്തെയും ഇടതുപക്ഷ സർക്കാർ കൈകൊണ്ടിട്ടുള്ള നിലപാട് സ്വാഗതാർഹവും അനുകരണീയവുമാണ്.
കക്ഷിരാഷ്ട്രീയപരമായ അതിൽ വെള്ളം ചേർത്തിട്ടുണ്ടെങ്കിൽ നഖശികാന്തം ചോദ്യം ചെയ്യുകയും വിമർശനങ്ങൾ ഉന്നയിക്കുകയും വേണം ആരോഗ്യകരമായ ജനാധിപത്യ സംവാദത്തിലേക്ക് അതിനെ നയിക്കുകയും ചെയ്യേണ്ടതുണ്ട്. എന്നാൽ, ശബരിമലയുടെ പുരോഗതിയെ ലക്ഷ്യം വച്ചുകൊണ്ട് നടത്തുന്ന പരിപാടിയിൽ പങ്കെടുക്കാതെ അല്ല നിൽക്കേണ്ടിയിരുന്നത്.അതിനുള്ള കാരണങ്ങളായി പഴയ കാലത്തിന്റെ സർവ്വ അഴുക്കുകളും കൊണ്ട് എഴുതിച്ചേർത്ത ചോദ്യങ്ങളുമായി ആവരുത് ആയിരുന്നു പുതിയ കാലത്തിന്റെ പൂമുഖത്തേക്ക് ശബരിമല ആഗോള അയ്യപ്പ സംഗമ വേദിയിലേക്ക് ഇല്ല എന്നുള്ള അഭിപ്രായവുമായി കടന്നു വരേണ്ടിയിരുന്നത്. തിക്കും തിരക്കും ഒഴിവാക്കിക്കൊണ്ട് അടിസ്ഥാന സൗകര്യം വികസിപ്പിച്ചുകൊണ്ട് ലോകമെമ്പാടുമുള്ള എല്ലാ ഭക്തജനങ്ങൾക്കും പ്രാർഥിച്ച് മടങ്ങാൻ കഴിയുന്ന സമാധാനപൂരിതമായ അന്തരീക്ഷം സന്നിധാനത്ത് ഒരുക്കാൻ തുറന്ന ചർച്ചകളുടെ വേദികൾ ഇനിയും ഉണ്ടാവട്ടെ…
Highlights:taniniram ediroial today 20.09.2025
ശബരിമലയുടെ വികസനത്തിന് തുറന്ന ചർച്ചകൾ അനിവാര്യം
0
previous post