കോഴിക്കോട്(Kozhikode): സംസ്ഥാനത്ത് ആശങ്കയേറ്റി ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പാലക്കാട് പട്ടാമ്പി സ്വദേശിയായ ഇരുപത്തിയേഴുകാരൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതോടെ കോഴിക്കോട് ജില്ലയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11 ആയി. സംസ്ഥാനത്ത് ഈവർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് 17 പേരാണ് മരിച്ചത്.
രണ്ട് മാസം മുൻപ് പ്രദേശത്തെ ഒരു നീന്തൽ കുളത്തിൽ കുളിച്ചിരുന്നു. പിന്നാലെ രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. രാജ്യാന്തര തലത്തിൽ അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ മരണ നിരക്ക് 97 ശതമാനമാണ്. എന്നാൽ കേരളത്തിലെ മരണ നിരക്ക് 24 ശതമാനം മാത്രമാണ്. എങ്ങനെ രോഗ ബാധ തടയാം എന്നതിലും വ്യക്തയുള്ള ഉത്തരങ്ങളില്ല.
കഴിഞ്ഞദിവസം അമീബിക് മസ്തിഷ്‌ക ജ്വരത്തെ തുടർന്ന് രണ്ടു പേർ കൂടി മരിച്ചിരുന്നു. തിരുവന്തപുരം മുട്ടത്തറ സ്വദേശിയായ 52 വയസ്സുകാരിയും കൊല്ലം വെള്ളിനല്ലൂർ സ്വദേശിയായ 91 വയസുകാരനുമാണ് മരിച്ചത്. ഈ മാസം 11 ന് ആയിരുന്നു ഇരുവരുടെയും മരണം. കഴിഞ്ഞദിവസവും രണ്ടുപേർക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചിരുന്നു.
കുളത്തിലും നീന്തൽക്കുളത്തിലും നീന്തുമ്പോൾ ശക്തമായി മൂക്കിൽ വെള്ളം കയറുമ്പോഴാകാം രോഗകാരണമായ അമീബ ശരീരത്തിലേക്ക് പ്രവേശിക്കുന്നതെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ ഒരു കുളത്തിലും കുളിക്കാത്ത മൂന്നു മാസമുള്ള കുട്ടിയും വീട്ടിൽ മാത്രം കുളിച്ചവർക്കും രോഗം വന്നതോ സാഹചര്യം മാറി. രോഗ ബാധിതരുടെ എണ്ണം വർധിക്കുമ്പോഴും മരണ നിരക്ക് കുറഞ്ഞതാണ് ഏക ആശ്വാസം.
Highlights: One more person confirmed with amoebic encephalitis, raising concerns in the state