കസ്റ്റഡി മര്‍ദനങ്ങളെ സംബന്ധിച്ച് പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ചര്‍ച്ചയ്ക്ക് എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായതോടുകൂടി വിഷയത്തിന്റെ പ്രാധാന്യം കേരളത്തിന് ബോധ്യപ്പെട്ടു.അങ്ങേയറ്റം മനുഷ്യത്വരഹിതമായ പൊലീസിന്റെ കാട്ടാളത്തില്‍ സാധാരണ ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് സര്‍ക്കാര്‍ ഗൗരവതരവും മാതൃകാപരവുമായ നടപടി സ്വീകരിക്കുമെന്ന് മര്‍ദനങ്ങളിലെ സര്‍ക്കാര്‍ നയം നിയമസഭയെ മുഖ്യമന്ത്രി അറിയിക്കുമെന്നുമുള്ള പ്രതീക്ഷയോടെ കൂടിയാണ് അവിശ്വാസ പ്രമേയ ചര്‍ച്ചയെ എല്ലാവരും നോക്കി കണ്ടത്. എന്നാല്‍, തികച്ചും നിരുത്തരവാദപരമായ മറുപടികളാണ് കസ്റ്റഡി മര്‍ദനങ്ങളെ സംബന്ധിച്ച് മുഖ്യമന്ത്രിയില്‍ നിന്ന് ഇന്നലെണ്ടായത്. എടുത്ത നടപടികളുടെയും മുന്‍ സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങളെയും അവിടെനിന്ന് നിലവില്‍ കേരളത്തിലെ പൊലീസിനെ പൂര്‍ണമായി തോതില്‍ അല്ലെങ്കിലും അഴിമതി വിമുക്തമാക്കാന്‍ സാധിച്ചു ജനകീയത കൈവരിപ്പിച്ചമറ്റെല്ലാതരത്തിലും സുതാര്യമാക്കാന്‍ തന്റെ സര്‍ക്കാരിനെ കഴിഞ്ഞു എന്നുള്ള അവകാശപ്പെടല്‍ മാത്രമാണ് അടിയന്തര പ്രമേയ മറുപടിയില്‍ മുഖ്യമന്ത്രിയില്‍ നിന്നുണ്ടായത്. 108 ഓളം പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വിവിധതരത്തിലുള്ള തെറ്റായി ഇടപെടലുകളുടെയും മര്‍ദനങ്ങളുടെയും പേരില്‍ നടപടിയെടുത്തു എന്ന സഭയെ മുഖ്യമന്ത്രി ഇന്നലെ അറിയിച്ചിരുന്നു. പക്ഷേ,എത്ര നടപടിയെടുത്തിട്ടും കേരള പൊലീസിലെ ക്രിമിനലിസം സമ്പൂര്‍ണമായും അവസാനിപ്പിക്കുന്നത് സര്‍ക്കാരും ആഭ്യന്തരവകുപ്പ് മന്ത്രി എന്ന നിലയില്‍ മുഖ്യമന്ത്രി കൂടിയായ പിണറായി വിജയനും പരാജയപ്പെട്ടു എന്നുള്ളതാണ് വസ്തുത. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഒരു വലിയ ചരിത്രം അവകാശപ്പെടാറുണ്ട്.പോരാട്ടങ്ങളുടെ സമരങ്ങളുടെ ചോരയില്‍ കുതിര്‍ന്ന അക്ഷരങ്ങളാല്‍ രേഖപ്പെടുത്തപ്പെട്ടതാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അത്യുജ്ജ്വലമായ ചരിത്രം. ആ ചരിത്രത്തിന്റെ ജനിതകം പേറി അധികാരത്തിലേറിയിരിക്കുന്ന അതും തുടര്‍ ഭരണത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്ന സര്‍ക്കാരില്‍നിന്ന് മുഖ്യമന്ത്രി കെ കരുണാകരനെ പൊലീസ് മര്‍ദനത്തിന്റെ ഇരയായി ചോരപുരണ്ട ശബ്ദമായി നിയമസഭയിലെത്തി ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ട തരത്തില്‍ പ്രസംഗം നടത്തി പൊലീസ് മര്‍ദനത്തിന്റെ മൃഗീയത ചൂണ്ടിക്കാണിച്ച പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കുന്ന മന്ത്രിസഭയ്ക്ക് കീഴില്‍ ജനങ്ങള്‍ പോലീസിന്റെ നരനായാട്ടിന് ഇരകളായി മാറുന്നു എന്ന് പറയുമ്പോള്‍ ചിത്രമാണ് കാര്യങ്ങള്‍. ജയിലറകളുടേയും ഇരുട്ടു മുറികളുടെയും ഇടനാഴികളില്‍ ലാത്തിയുടെയും തോക്കിന്റെയും ബൂട്ടിന്റെയും ഇടയില്‍പ്പെട്ട മരണ വേദനയുടെ തീവ്രത ആഴത്തില്‍ അനുഭവിച്ചിട്ടുള്ള കണ്ടറിഞ്ഞിട്ടുള്ളവര്‍ കേരളത്തിലെ പൊലീസ് സേനയുടെ പരമാധികാര സ്ഥാനത്ത് എത്തിച്ചേര്‍ന്നിട്ടും അതില്‍നിന്ന് മാറ്റം കൊണ്ടുവരാന്‍ കഴിയുന്നില്ല എന്ന് പറയുമ്പോള്‍ ആശയപരമായും ഇടതുപക്ഷത്തിന് തെറ്റ് സംഭവിക്കുന്നുണ്ട്. വ്യക്തവും ജനപക്ഷത്ത് ചേര്‍ന്നു നില്‍ക്കുന്നതുമായ ഒരു പൊലീസ് നയം രൂപീകരിക്കുന്നതില്‍ സര്‍ക്കാരിന് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ട്. ഏത് തരത്തിലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാലും അതിനെയെല്ലാം ഒറ്റപ്പെട്ടത് എന്ന വാക്കിലൊതുക്കി ലഘൂകരിക്കാന്‍ ആഭ്യന്തര വകുപ്പ് മന്ത്രി കൂടിയായ പിണറായി വിജയന്‍ മുന്നിട്ടിറങ്ങിയത് കൊണ്ടാണ് ഇന്നലെ മുഖ്യമന്ത്രി തന്നെ സൂചിപ്പിച്ചതുപോലെ പ്രളയ കാലത്തും കോവിഡ് മഹാമാരിയിലും നിപ്പ വൈറസ് ബാധയിലും ജനങ്ങള്‍ക്ക് കാവലാളുകളായി നിന്ന് പോലീസിനെ അവരെന്ന് അയത്തോടുകൂടി നോക്കിക്കാണുന്ന സ്ഥിതി ഉണ്ടായത്. രാഷ്ട്രീയപരമായി സര്‍ക്കാരിനെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളെ പ്രതിരോധിക്കാന്‍ ഭരണപക്ഷത്തിന് അവകാശങ്ങളും അധികാരങ്ങളും ഉണ്ട്. പക്ഷേ,വന്ന വഴിമറന്നു കൊണ്ടാവരുത് ഇടതുപക്ഷ സര്‍ക്കാരിന്റെ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടത്. ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ഭരണസംവിധാനത്തെ ഹൃദയത്തോട് ചേര്‍ത്ത് പിടിച്ച ജനതയ്ക്ക് അവരുടെ തന്നെ നികുതിപ്പണം കൊണ്ടുള്ള ബൂട്ടിന്റെയും ലാത്തിയുടെയും കുത്തും അടിയും അവരുടെ തന്നെ സര്‍ക്കാര്‍ നല്‍കുന്നത് എത്ര ഭീതിതമായ അനുഭവമാണ്. കരുണാകരന്‍ സര്‍ക്കാരും എകെ ആന്റണി സര്‍ക്കാരും ഉമ്മന്‍ചാണ്ടി സര്‍ക്കാരും ചെറുതും വലുതുമായ ഭരണകാലയളവിനുള്ളില്‍ പോലീസിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാതെ പോയിട്ടുണ്ടാകും.അതു പക്ഷേ ഉയര്‍ത്തിക്കാണിച്ച് സ്വന്തം തെറ്റു മറയ്ക്കാന്‍ ശ്രമിക്കുന്നത് സര്‍ക്കാരിന് ഭൂഷണമല്ല. പഴയ സര്‍ക്കാരുകളുടെ മേല്‍ ചാരി നിന്ന് രാഷ്ട്രീയ സുരക്ഷിതത്വം നേടാന്‍ ആണെങ്കില്‍ എന്തിനാണ് ജനങ്ങള്‍ നിങ്ങളെ വിശ്വസിച്ച് അധികാരമേറ്റിയത്. ഇന്നലെ വരെയുണ്ടായിരുന്നവര്‍ ചെയ്യാത്തത് നിങ്ങള്‍ നല്‍കുമെന്ന് ജനവിശ്വാസത്തിന്റ അടയാളമാണ് ചരിത്ര ഭൂരിപക്ഷത്തോടെയുള്ള തുടര്‍ഭരണം. അതുകൊണ്ട് തിരുത്തേണ്ടതും തിരുത്തപ്പെടേണ്ടതും തിരുത്തേണ്ടതും സംസ്ഥാന സര്‍ക്കാരും നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി പിണറായി വിജയനുമാണ്. ഉത്തരവാദിത്തപ്പെട്ടവരില്‍ നിന്ന് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ ഉത്തരങ്ങളായി തന്നെ വരേണ്ടതുണ്ട്.കസ്റ്റഡി മര്‍ദ്ദനങ്ങളെ സംബന്ധിച്ച് കേരളത്തിന്റെ നിയമസഭാ ചരിത്രത്തില്‍ ഒരു കാലഘട്ടത്തിനു ശേഷമാണ് ഇത്രയും ബൃഹത്തായ ചര്‍ച്ച നടക്കുന്നത്. പൈശാചികമായ ലോക്കപ്പ് മര്‍ദനങ്ങളുടെ ഓര്‍മ്മകള്‍ അടയാളക്കല്ലുകളായി നെഞ്ചില്‍ കൊണ്ടുനടക്കുന്ന നമ്മുടെ മുഖ്യമന്ത്രിക്ക് തൃശൂര്‍ കുന്നംകുളത്തും പീച്ചിയിലും മൂവാറ്റുപുഴയിലും അടൂരിലും പാവപ്പെട്ട ജനത അനുഭവിച്ച മാനസിക പ്രയാസവും ശാരീരിക വേദനയും ഏറ്റവും നന്നായി ഉള്‍ക്കൊള്ളാന്‍ കഴിയും.അങ്ങയിലെ ‘അവരുടെ സങ്കടങ്ങള്‍ക്കൊപ്പം ചേര്‍ന്ന് നിന്ന് പോരാടിയ കഴിഞ്ഞ കാലത്തിന്റെ പോരാട്ട വീര്യം ഇന്നും പിണറായി വിജയന്‍ എന്ന രാഷ്ട്രീയ നേതാവില്‍ വറ്റി പോയിട്ടില്ല എന്ന് വിശ്വസിക്കുന്നു കേരളം. അതുകൊണ്ടുതന്നെ ക്രിമിനലുകളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുകയാണ്. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ ഉടനീളം ഭരണപക്ഷവും പ്രതിപക്ഷവും പോര്‍മുഖങ്ങളും പോര്‍വിളികളും തുറന്നുവച്ചു. പ്രതിപക്ഷ നിര വിഷയത്തിന്റെ വീര്യം പൂര്‍ണ്ണമായും ഉയര്‍ത്തി കാണിക്കുന്നതില്‍ വിജയിച്ചില്ല എന്ന് വേണം പറയാം.അവതാരകനായ റോജി എം ജോണ്‍ എം.എല്‍.എയും മറ്റ് ചില എം.എല്‍.എമാരും കാണിച്ച ശുഷ്‌കാന്തി യുടെയും വി.ഡി സതീശന്‍ പ്രകടിപ്പിച്ച പ്രതിഷേധ സ്വരത്തിന്റെയും കനം വര്‍ദ്ധിപ്പിക്കാന്‍ പ്രതിപക്ഷത്തെ മുന്‍ആഭ്യന്തര വകുപ്പ് മന്ത്രിമാര്‍മുതല്‍ കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡണ്ട്മാര്‍ വരെയുള്ള എം.എല്‍.എ സെലിബ്രിറ്റികള്‍ ആരും ശ്രമിച്ചില്ല എന്നുള്ളത് കോണ്‍ഗ്രസിലെ പടല പിണക്കങ്ങള്‍ നിയമസഭ വരെ എത്തിയിരിക്കുന്നു എന്നുള്ളതിന്റെ ദൃഷ്ടാന്തമായി. ഭരണപക്ഷത്തെ നേരിടാനുള്ള ഒട്ടനവധി രാഷ്ട്രീയ ആയുധങ്ങള്‍ ഒന്നിന് പിറകെ ഒന്നായി വന്നുകൊണ്ടിരിക്കവേ,പ്രതിപക്ഷത്ത് നായകനായ സതീശനോട് തുടരുന്ന ഭിന്നതയും അനൈക്യവും വരുന്ന സമ്മേളന ദിനങ്ങളെയും ബാധിച്ചാല്‍. സാങ്കേതികത ഒഴിച്ചു നിര്‍ത്തിയാല്‍ ഭരണപക്ഷത്തിന്റെ തികഞ്ഞ വിജയമായി പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാം സമ്മേളനം മാറും എന്നുള്ള കാര്യത്തില്‍ യാതൊരുവിധ സംശയവുമില്ല. അതുകൊണ്ട് എല്ലാത്തരം അഭിപ്രായവ്യത്യാസങ്ങളെയും മറന്നു ഒരേ മനസ്സും ഒരേ ശരീരവുമായി പ്രതിപക്ഷം ശക്തമായ കുന്തമുനകളായി പ്രതിപക്ഷ നേതാവിന് പിന്നില്‍ ഉറച്ചു നില്‍ക്കേണ്ടതുണ്ട്. തിരഞ്ഞെടുപ്പ് കാലം വിളിപ്പാടകലെ കാത്തുനില്‍ക്കെ നിയമസഭയുടെ സുപ്രധാനമായ സമ്മേളനങ്ങളില്‍ ഒന്നുതന്നെയാണ് ഇത്. ആ നിലയ്ക്ക് വാദമുഖങ്ങള്‍ക്കൊപ്പം തന്നെ നിയമനിര്‍മാണങ്ങളും കൃത്യമായ തോതില്‍ ഉണ്ടാവേണ്ടിയിരിക്കുന്നു. ഇനിയും നീതി തേടി പൊലീസ് സ്റ്റേഷനില്‍ എത്തുന്ന ഒരാള്‍ക്കും ഒരു തരത്തിലുമുള്ള ദുരനുഭവവും ഉണ്ടാവരുത്. ജനമൈത്രി പോലീസ് ജനകീയ പൊലീസായി തുടരണം. സര്‍ക്കാര്‍ നീതി ഉറപ്പുവരുത്തണം.
Highlights: TANINIRAM EDITORIAL TODAY: 17.09.2025
മുഖ്യമന്ത്രി സഭയിലെ വാചകമടിയല്ല, നീതിയാണ് വേണ്ടത്
0