Saturday, December 6, 2025
E-Paper
Home Highlightsമലയാളസർവകലാശാല വിവാദം: ഫിറോസിന്റെ വാദം പൊളിയുന്നു; ഭൂമി ഏറ്റെടുക്കാന്‍ അനുമതി യുഡിഎഫ് കാലത്ത്

മലയാളസർവകലാശാല വിവാദം: ഫിറോസിന്റെ വാദം പൊളിയുന്നു; ഭൂമി ഏറ്റെടുക്കാന്‍ അനുമതി യുഡിഎഫ് കാലത്ത്

by news_desk1
0 comments

മലപ്പുറം(Malappuram): തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയുടെ ഭൂമി വിവാദത്തില്‍ യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്റെ വാദം പൊളിയുന്നു. തിരൂരിലെ ഭൂമി ഏറ്റെടുക്കാന്‍ അനുമതി നല്‍കിയത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തന്നെയാണെന്ന് തെളിയിക്കുന്ന ഉത്തരവിന്റെ നിര്‍ണായക രേഖ ലഭിച്ചു.

ചതുപ്പായി കിടക്കുന്ന സ്ഥലം തരം മാറ്റുന്നതിന് വേണ്ടി കൃഷിവകുപ്പില്‍ നിന്ന് അനുമതി വാങ്ങിയ രേഖയാണ് റിപ്പോര്‍ട്ടര്‍ പുറത്തു വിട്ടത്.

2015 ജൂലൈയിലാണ് ഇതിനുള്ള അനുമതി വാങ്ങിയത്. 2015 സെപ്റ്റംബറില്‍ രജിസ്ട്രാര്‍ക്ക് ഭൂമി വാങ്ങിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ അനുമതി കൊടുത്തതിന്റെ ഉത്തരവും റിപ്പോര്‍ട്ടറിന് ലഭിച്ചു. 25 കോടിക്കുള്ള ഭരണാനുമതി യുഡിഎഫിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് നല്‍കിയതായാണ് ഉത്തരവ് തെളിയിക്കുന്നത്.

2015 മാര്‍ച്ചിലാണ് സ്റ്റേറ്റ് ലെവല്‍ മോണിറ്ററിംഗ് കമ്മിറ്റി കൂടിയത്. തുടര്‍ന്ന് തിരൂര്‍ വെട്ടത്തെ ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. 2016 ഫെബ്രുവരി 22നാണ് മലപ്പുറം ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള വില നിര്‍ണയ സമിതി 1.70000 രൂപ വില നിശ്ചയിച്ച് ഭൂമി വാങ്ങാന്‍ തീരുമാനിച്ചത്. മുന്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ ടി ജലീലുമായുള്ള ആരോപണ പ്രത്യാരോപണങ്ങളില്‍ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്തല്ല ഭൂമി ഏറ്റെടുത്തതെന്ന് പി കെ ഫിറോസ് പറഞ്ഞിരുന്നു.

തെളിവുകള്‍ കൊണ്ടുവരാനും ഫിറോസ് വെല്ലുവിളിച്ചിരുന്നു. കെ ടി ജലീലിനൊപ്പം റിപ്പോര്‍ട്ടര്‍ ടിവിയെയും ഫിറോസ് വെല്ലുവിളിച്ചിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറ്റെടുത്തതിന്റെ തെളിവ് അടുത്ത ദിവസം പുറത്തു വിടുമെന്നും ഫിറോസ് പറഞ്ഞിരുന്നു. എന്നാല്‍ ഫിറോസിന്റെ ആരോപണം പൊളിയുന്നുവെന്നാണ് രേഖകള്‍ കാണിക്കുന്നത്.

Highlights: Malayalam University controversy P K Firos allegation false

You may also like