Saturday, December 6, 2025
E-Paper
Home Editorialഅപമാനകരം ഈ സേന, ഇനിയും സേനയുടെ മനോവീര്യം തകരുമെന്ന് പറയരുത് മുഖ്യമന്ത്രീ

അപമാനകരം ഈ സേന, ഇനിയും സേനയുടെ മനോവീര്യം തകരുമെന്ന് പറയരുത് മുഖ്യമന്ത്രീ

by news_desk1
0 comments

പേരൂർക്കട വ്യാജമാല മോഷണക്കേസിൽ പ്രതിയായി ആരോപിക്കപ്പെട്ടിരുന്ന ബിന്ദു നിരപരാധി ആണെന്നുള്ള ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് കേരള മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. പൗരന്റെ സ്വത്തിനും ജീവനും സുരക്ഷയൊരുക്കേണ്ടവരെന്ന് അഭിമാനത്തോടെ പറയുന്ന പൊലീസ് സേന ചെയ്ത അതിക്രൂരമായ ചെയ്തി. എത്ര നീചമാണ്. ഒരു ദലിത് സ്ത്രീയെ രണ്ട് പെൺമക്കളുടെ അമ്മയെ പൊതുസമൂഹത്തിൽ മോഷ്ടാവെന്ന് തെറ്റിദ്ധരിപ്പിക്കുക മാത്രമല്ല, അല്ലായെന്ന് അറിഞ്ഞിട്ട് അത് സ്ഥാപിച്ചെടുക്കാൻ ശ്രമിച്ച പൊലീസ് മനസ് അത്രമേൽ കറപുരണ്ടതും ഒരിക്കൽ പോലും മാപ്പെന്ന വാക്കിന് പോലും അർഹതയില്ലാത്തതുമാണ്.

2025 ഏപ്രിൽ മാസം മൂന്നാം തീയതി ആയിരുന്നു പേരൂർക്കടയിലെ വീട്ടിൽ ജോലിക്ക് നിന്നിരുന്ന ബിന്ദുവിനെതിരെ മാല മോഷണക്കേസ് ചുമത്തപ്പെട്ടത്. പേരൂർക്കട സ്വദേശി ഓമന ഡാനിയലിന്റെ പരാതിയെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. താൻ തെറ്റ് ചെയ്തിട്ടില്ലെന്ന് പലയാവർത്തി ആണയിട്ട് പറഞ്ഞിട്ടും തീർത്തും മനുഷ്യത്വരഹിതമായ രീതിയിൽ ബിന്ദുവിനെ ബിന്ദുവിന്റെ ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും വ്യക്തിപരമായും മാനസികമായും കടുത്ത സമ്മർദ്ദത്തിലേക്ക് എത്തിക്കുകയും ആണ് ഉണ്ടായത്. 20 മണിക്കൂറോളം  ഒരു സാധു സ്ത്രീയെ മാനസികമായി കൊടിയ പീഡനത്തിനാണ് പേരൂർക്കട പൊലീസ് വിധേയാക്കിയത്. സ്വന്തം മക്കളെ സ്റ്റേഷനിൽ കൊണ്ടുവന്ന മോഷ്ടാവിന്റെ മക്കളാണെന്ന് പറഞ്ഞ് അല്ലെങ്കിൽ അവരെ കൂടി കേസിൽ പ്രതിചേർത്ത് അപമാനിക്കും എന്ന് ഭീഷണിപ്പെടുത്തിയത്തിൽ ഭയന്നാണ് നിവർത്തിയില്ലാതെ ബിന്ദു കുറ്റം സമ്മതിക്കുന്നത്.

അതിനുശേഷം പരാതിക്കാരിയായിരുന്ന ഓമന ഡാനിയേലിലെ പൊലീസ് അകമ്പടിയിൽ ബിന്ദുവിന്റെ വീട്ടിൽ ബിന്ദുവിനെയും കൂടിയെത്തിച്ച് പൊതുജനങ്ങൾക്കിടയിൽ അവഹേളിക്കുന്ന തരത്തിൽ പരിശോധനകൾ നടത്തി.എന്നാൽ ഒരു പരാതി ലഭിച്ച പ്രാഥമികമായി കൈക്കൊള്ളേണ്ട നടപടിക്രമത്തിന്റെ ആദ്യ രീതിയായ സംഭവസ്ഥലം സന്ദർശിക്കണമെന്നുള്ള സാമാന്യമായ രീതിപോലും ഇവിടെ പൊലീസ് കൈക്കൊണ്ടതായി കാണുന്നില്ല.ഒടുവിൽ ഏറെ വൈകാതെ തന്നെ ഓമന ഡാനിയേലിന് വീട്ടിലെ സോഫയുടെ താഴെ നിന്ന് മാല ലഭിച്ചിരുന്നു. പൊലീസ് സ്റ്റേഷനിൽ പരാതിക്കാരി ഈ വിവരം അറിയിച്ചപ്പോൾ ഒരു കാരണവശാലും ഇത് പുറത്തു പറയരുതെന്നും കൂടാതെ വീട്ടുമുറ്റത്തെ ചവിറ്റു കുനയിൽ നിന്നാണ് മാല കിട്ടിയതെന്നും പറഞ്ഞാൽ മതിയെന്ന് പൊലീസ് തന്നെ ഓമനയെ ചട്ടം കെട്ടി.

എത്രയോ നീചന്മാരാണ് നമ്മുടെ നാടിൻറെ കാവൽക്കാർ എന്നോർക്കുമ്പോൾ അപമാന ഭാരത്താൽ എല്ലാ മലയാളികളും തലതാഴ്ത്തുകയാണ്.നവ കേരളത്തിൽ പോലീസ് സേനയ്ക്ക് അധികാരത്തിന്റെ അഹന്തയും ഭ്രാന്തും പിടിച്ചിരിക്കുകയാണ്. ഇതിന് വൈകാതെ ചികിത്സ നടത്തിയില്ലെങ്കിൽ പാവപ്പെട്ട ഒരുപാട് മനുഷ്യർ കുറ്റവാളികളായി ജയിലറകളിലേക്ക് തള്ളപ്പെടും.അതുവഴി ഉണ്ടാകുന്ന സാമൂഹിക ദുരന്തം പറഞ്ഞറിയിക്കാൻ ആവുന്നതിലും അപ്പുറം ആയിരിക്കും. പോലീസ് സ്റ്റേഷനുകൾ ജനങ്ങളുടെ ആശ്രയ കേന്ദ്രമാണ്. പ്രതിസന്ധികളിൽ ഒരു വിളിക്കപ്പുറത്ത് പൊലീസ് സേന ഒപ്പമുണ്ടെന്നുള്ള ആത്മവിശ്വാസത്തിലാണ് കേരളം ഉറങ്ങുന്നതും ഉണരുന്നതും. സമീപകാല സംഭവങ്ങൾ ആ വിശ്വാസത്തെയാണ് തകർത്തത്.

മാപ്പർഹിക്കാനാവാത്ത തെറ്റാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. ഒരു കാരണവശാലും ഒരുതരത്തിലും നീതീകരിക്കാൻ ആവാത്ത ഈ അപരാധങ്ങൾ ചെയ്ത പോലീസ് ക്രിമിനലുകളെ സർവീസിൽനിന്ന് മാറ്റിനിർത്തണം. പാർശ്വവൽക്കരിക്കപ്പെട്ടവന്റെ ശബ്ദത്തിനുവേണ്ടി നിരന്തരം പോരാടുകയും പ്രവർത്തിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന പ്രസ്ഥാനം സംസ്ഥാനം ഭരിക്കുമ്പോൾ ഇത്തരമൊരു ധീരമായ തീരുമാനം കൈക്കൊള്ളേണ്ടത് എൽ.ഡി.എഫ് സർക്കാരിന്റെ ചരിത്രപരമായ ദൗത്യം കൂടിയാണ്.

ദലിത് ജനവിഭാഗത്തിന്റെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്നവരിൽ നിന്നുള്ള മേനി പറച്ചിൽ വെറും മൈതാന പ്രസംഗമല്ലെന്ന ബോധ്യപ്പെടുത്താൻ ഇതൊരു സുവർണ്ണ അവസരമാണ്. കേരളത്തിന് നിലപാടുകളിൽ കരുത്തുള്ള ജനങ്ങൾക്കൊപ്പം നിൽക്കുന്ന ഭരണാധികാരികളെയാണ് ആവശ്യം. ആ ധീരതയ്ക്കൊപ്പം എക്കാലവും അവർ ഉറച്ചു നിന്നിട്ടുണ്ട് എന്നുള്ളത് ഓർമ്മപ്പെടുത്തേണ്ടതില്ലല്ലോ.

കുടിക്കാൻ ഒരിറ്റ് വെള്ളം ചോദിച്ചപ്പോൾ ശുചി മുറിയിൽ പോയി എടുക്കാൻ പറഞ്ഞതടക്കമുള്ള  ദളിത് വനിതയ്ക്ക് നേരെ ക്രൂരമായ പോലീസ് നടപടി ഉണ്ടായിട്ടും ഇന്നാൾ  വരെ ദളിത് ബുദ്ധിജീവികൾ ആരും ഒരക്ഷരം മിണ്ടുകയോ എഴുതുകയോ ചെയ്തിട്ടില്ല എന്നോർക്കുമ്പോൾ പരമ പുച്ഛമാണ് തോന്നുന്നത്. അധികാര കസേരകളിലെ സംവരണ സീറ്റുകൾക്ക് വേണ്ടി മാത്രം വാലാട്ടുന്നവരും നാവ് ചലിപ്പിക്കുന്നവരുമായാവരോട് കൂടുതലൊന്നും പറയാനില്ല. ബിന്ദുവിനുണ്ടായ മാനനഷ്ടത്തിനും ജീവിത ബുദ്ധിമുട്ടുകൾക്കും പരിഹാരം കണ്ടെത്താൻ സർക്കാർ തയ്യാറാകണം.

Highlights: taniniram editorial today

You may also like