ദോഹ(Doha): ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ ഖത്തറിൽ വ്യോമാക്രമണം നടത്തി. കത്താര പ്രവിശ്യയിൽ നടത്തിയ ആക്രമണത്തിൽ നിരവധിപേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്.
സാധാരണക്കാരെ തങ്ങൾ ലക്ഷ്യമിട്ടില്ലെന്നും ഹമാസ് നേതാക്കളെയാണ് തങ്ങൾ ലക്ഷ്യമിട്ടതെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് വ്യക്തമാക്കി. ഉഗ്രശബ്ദം കേട്ടതായും സ്ഥലത്തു നിന്ന് പുക ഉയരുന്നുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.
ദോഹയിലാണ് ഹമാസിന്റെ നേതാക്കൾ തീവ്രവാദ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരുന്നത്. അവരെ ലക്ഷ്യമിട്ട് ഒരു ഓപ്പറേഷൻ നടത്തിയിരിക്കുന്നു. കഴിഞ്ഞ ഒക്ടോബർ ഏഴിന് ഉണ്ടായ കൂട്ടക്കൊലയ്ക്ക് ഉത്തരവാദികൾ ആയവരെയാണ് ലക്ഷ്യമിട്ടതെന്നും ഇസ്രയേൽ സൈന്യം അറിയിച്ചു.
ഇസ്രയേലിനും ഹമാസിനും ഇടയിലുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തുന്ന പ്രധാന രാജ്യമായിരുന്നു ഖത്തര്‍. ഗാസയ്ക്ക് പുറത്തുള്ള തങ്ങളുടെ ആസ്ഥാനമായി ഹമാസ് നേതാക്കള്‍ ഖത്തര്‍ തലസ്ഥാനം ഉപയോഗിക്കുന്നുവെന്നാണ് ഇസ്രയേലിന്റെ ആരോപണം.
അതേസമയം ഖത്തറിനു പൂർണ ഐക്യദാർഢ്യം അറിയിച്ച് യുഎഇ വിദേശകാര്യ മന്ത്രി രംഗത്തെത്തി. മിസൈൽ ആക്രമണമാണ് നടന്നതെന്ന് ഖത്തറിലെ അമേരിക്കൻ എംബസി വ്യക്തമാക്കി. ഹമാസ് ഉന്നത രാഷ്ട്രീയ നേതാക്കൾ തങ്ങിയ കെട്ടിടമാണ് തകർത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
കെട്ടിടത്തില്‍ ഉണ്ടായിരുന്ന നേതാക്കൾക്ക് എന്ത് സംഭവിച്ചു എന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്. കെട്ടിടത്തില്‍ ഉണ്ടായിരുന്ന നേതാക്കൾ കൊല്ലപ്പെട്ടതായി ചില അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Highlights: Israeli attack in Doha; Hamas leaders targeted