തിരുവനന്തപുരം(Thiruvananthapuram): കേരള ക്രിക്കറ്റ് ലീഗ് (കെ.സി.എൽ) രണ്ടാം സീസണ് കൊടിയിറങ്ങിയപ്പോൾ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തി ബൗളര്‍മാരില്‍ താരമായത് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിന്‍റെ ഓൾറൗണ്ടർ അഖിൽ സ്‌കറിയ.
ടൂർണമെന്‍റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച അഖിൽ, 11 മത്സരങ്ങളിൽ നിന്ന് 25 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. ഇക്കുറി സ്വന്തം ടീം സെമിയിൽ തോറ്റു പുറത്തായെങ്കിലും വിക്കറ്റ് കൊയ്ത്തിൽ കാൽ സെഞ്ചുറി നേട്ടത്തോടെ പർപ്പിൾ ക്യാപ്പിന് ഈ 26കാരൻ അർഹനാകുകയായിരുന്നു.
സീസണില്‍ രണ്ട് തവണയാണ് അഖിൽ നാല് വിക്കറ്റുകൾ വീഴ്ത്തിയത്. 14 റൺസ് വഴങ്ങി നാല് വിക്കറ്റ് നേടിയതാണ് രണ്ടാം സീസണിൽ അഖിലിന്‍റെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം. എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് അഖിലിന്‍റെ നേട്ടമെന്നതും ശ്രദ്ധേയമാണ്. കേരള ക്രിക്കറ്റ് ലീഗിൽ തുടർച്ചയായ രണ്ടാം തവണയാണ് അഖിൽ സ്‌കറിയ പർപ്പിൾ ക്യാപ് നേട്ടം സ്വന്തമാക്കുന്നത്.
കഴിഞ്ഞ സീസണിലും 25 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ഇതോടെ കെ സി എല്ലിൽ 50 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ബോളർ എന്ന റെക്കോർഡും അഖിൽ സ്വന്തം പേരിലാക്കി. ബൗളിങ്ങിൽ മാത്രമല്ല ബാറ്റിംഗിലും വിസ്മയ പ്രകടനമാണ് അഖിൽ പുറത്തെടുത്തത്. ടൂർണമെന്റിൽ ആകെ 314 റൺസ് നേടിയ താരത്തിന്റെ ഉയർന്ന വ്യക്തിഗത സ്‌കോർ 72 റൺസാണ്.
Highlights: Akhil Skaria takes wickets, leaves opponents far behind, wins Purple Cap again