വാഷിങ്ടണ്‍(Washington): ചൈനയ്ക്ക് മേൽ അധിക തീരുവ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. നവംബർ ഒന്ന് മുതൽ 100% അധിക നികുതിയാണ് ചൈനീസ് ഉത്പന്നങ്ങൾക്ക് ചുമത്തിയിരിക്കുന്നത്. ഇതിന് പുറമേ സോഫ്റ്റ് വെയർ കയറ്റുമതികളിലും നിയന്ത്രണം ഏർപ്പെടുത്താനാണ് തീരുമാനം.
ട്രൂത്ത് സോഷ്യലിലൂടെയാണ് ചൈനയ്ക്ക് മേൽ അധിക നികുതി ചുമത്തിയ കാര്യം ട്രംപ് വ്യക്തമാക്കിയത്. കയറ്റുമതിക്കുള്ള നിയമങ്ങൾ കർശനമാക്കാനുള്ള ചൈനീസ് തീരുമാനത്തിനെതിരെയാണ് യുഎസിന്റെ തീരുവ ചുമത്തൽ. ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങുമായി നടത്താനിരുന്ന ഉച്ചകോടി റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
അപൂർവ ധാതുക്കളുടെ കയറ്റുമതി ചൈന നിയന്ത്രിച്ചതിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് ട്രംപിന്‍റെ പുതിയ നീക്കം. ചൈനയുടെ “അതിരുകടന്ന ആക്രമണോത്സുകമായ” നീക്കങ്ങൾക്കുള്ള പ്രതികാരമായി അധിക തീരുവ നവംബർ ഒന്നിന് നിലവിൽ വരുമെന്നാണ് ട്രംപിന്‍റെ പ്രഖ്യാപനം.
ചൈന അപൂർവ ഭൗമ ധാതുക്കളുടെ കയറ്റുമതി നിയന്ത്രണങ്ങൾ വിശദീകരിച്ച് ലോകമെമ്പാടുമുള്ള രാജ്യങ്ങളിലേക്ക് കത്ത് അയച്ചതായി ട്രംപ് ട്രൂത്ത് സോഷ്യലിൽ വിശദീകരിച്ചു. യുഎസിൽ നിന്നുള്ള നിർണ്ണായക സോഫ്റ്റ്‌വെയറുകൾക്കുള്ള കയറ്റുമതി നിയന്ത്രണങ്ങളും നവംബർ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ട്രംപ് പറഞ്ഞു.
Highlights: 100% additional tax from November 1; Trump takes unexpected move against China