സ്വപ്നതുല്യമായ പ്രതീക്ഷകളോടെ കേരളം കാത്തിരുന്ന അഭിമാന പദ്ധതിയായ കോഴിക്കോട് വയനാട് തുരങ്ക പാതയുടെ നിർമ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി ഇന്നലെ നിർവഹിച്ചപ്പോൾ വികസന ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലിലാണ് സ്ഥാപിതമാകുന്നത്. വയനാട് ജില്ലയിൽനിന്ന് 5.5 8 കിലോമീറ്ററും കോഴിക്കോട് ജില്ലയിൽനിന്ന് 3.15 കിലോമീറ്റർ ആണ് പാതയുടെ നീളം.നാലുവർഷംകൊണ്ട് പദ്ധതി പൂർത്തിയാക്കാൻ ആണ് സർക്കാറും ഉദ്ദേശിക്കുന്നത്. താമരശ്ശേരി ചുരത്തിലെ അപ്രതീക്ഷിതമായ പ്രതിസന്ധിയും ഗതാഗതക്കുരുക്കും എന്നിവയ്ക്ക് ബദൽ മാർഗ്ഗമാണ് ഈ തുരങ്കപാതയുടെ പ്രധാന ലക്ഷ്യം. 60 ഓളം ഉപാധികളോടെ കേന്ദ്രസർക്കാരിൽ നിന്ന് അനുമതി ലഭിച്ച ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മൂന്ന് ഭൂഗർഭപാതകളിൽ ഒന്നാണിത്. സർക്കാർ 2020 ൽ നൂറു ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി പ്രഖ്യാപിച്ചത്. കോഴിക്കോട് മറിപ്പുഴ മുതൽ വയനാട്ടിലെ മീനാക്ഷി പാലം വരെ അപ്പ്രോച്ച് റോഡ് ഉൾപ്പെടെ 8.7 3 കിലോമീറ്റർ നീളമുള്ള തുരങ്കപാതയുടെ 8.11 കിലോമീറ്റർ ദൂരം ഇരട്ട തുരങ്കങ്ങളാണ്. സംസ്ഥാനത്തിന്റെ വിനോദസഞ്ചാര വ്യാപാര മേഖലകൾക്ക് വലിയ മുതൽക്കൂട്ടാകുന്ന ചുവടുവെപ്പാണ് ഉണ്ടായിരിക്കുന്നത്. പാത യാഥാർത്ഥ്യമാകുന്നതോടുകൂടി ബാംഗ്ലൂർ കൊച്ചി വ്യവസായി ഇടനാഴിയിൽ വഴി നടത്തപ്പെടുന്ന ചരക്ക് നീക്കം കൂടുതൽ സുഗമമാകുകയും ചെയ്യും. എല്ലാത്തരം വികസന പ്രവർത്തനങ്ങളും നടത്തപ്പെടുമ്പോൾ ഉണ്ടായിരിക്കേണ്ട മുൻകരുതലുകളും നടപടിക്രമങ്ങളും വയനാട് തുരങ്ക പാതയുടെ കാര്യത്തിലും അത്യന്താപേക്ഷിതമാണ്. വർഷങ്ങൾ നീണ്ട പ്രയത്നത്താൽ നിർമ്മാണം പൂർത്തിയാക്കിയ രാജ്യത്തെ ആദ്യ ഇരട്ടക്കുഴൽ തുരങ്ക പാതയായ കുതിരാൻ സാങ്കേതികമായി മാത്രമേ പലപ്പോഴും ജനങ്ങൾക്ക് ഗുണമുള്ളൂ. നിർമ്മാണത്തിലെ അശാസ്ത്രീയത കൊണ്ട് മണ്ണിടിച്ചൽ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ചോർച്ച ഉൾപ്പെടെയുള്ള ബുദ്ധിമുട്ടുകൾ യാത്രക്കാർ തുരങ്കത്തിലൂടെ യാത്ര ചെയ്യുമ്പോൾ അനുഭവിക്കുന്നുണ്ട്. സർക്കാരുകളുടെ നേട്ടത്തിനും പെരുമയ്ക്കുമായി വേണ്ടത്ര ശ്രദ്ധ നൽകാതെ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിന്റെ ഫലമാണ് ഇതെല്ലാം. കേരളത്തിലെ റോഡുകളുടെയും ദേശീയപാതകളുടെയും സ്ഥിതിയും ഒട്ടും വ്യത്യസ്തമല്ല. നിർമ്മാണ പ്രവർത്തനങ്ങളുടെ ഏകോപനത്തിലെ പരാജയം എല്ലായിടങ്ങളിലും വ്യക്തമാണ്. വാഹനങ്ങളുടെ ഗതാഗത സുഗമമാക്കുന്നതിന് വേണ്ടി നിർമ്മിക്കപ്പെടുന്ന ഇവയെല്ലാം ഇന്ന് സമാനതകളില്ലാത്ത കുരുക്കിൽ ശ്വാസം മുട്ടുന്ന വാഹനങ്ങളുടെ പാർക്കിംഗ് സ്പേസ് ആയി മാറുകയാണ്. നാടിനും ജനങ്ങൾക്കും വേണ്ടി അവരുടെ തന്നെ നികുതിപ്പണം ഉപയോഗിച്ച് നിർമ്മിക്കുന്നവയെല്ലാം ഒഴിയാബാധ യാകുന്നു എന്നത് അംഗീകരിക്കാനാവില്ല. സാങ്കേതികമായ പഠനത്തോടൊപ്പം തന്നെ വികസന പ്രവർത്തനങ്ങളുടെ പ്രാരംഭ നടപടികൾ ആരംഭിക്കുമ്പോൾ തന്നെ പരിസ്ഥിതിയുടെ കൂടി എല്ലാതരം സാധ്യതകളും അവസ്ഥയും പരിശോധിക്കപ്പെടേണ്ടതായിട്ടുണ്ട്. വെളുക്കാൻ തേച്ചത് പണ്ടായി എന്ന് പറയുന്നതുപോലെ. വികസന പ്രവർത്തനങ്ങൾ പരിസ്ഥിതി സൗഹൃദമല്ലെങ്കിൽ നാടിന്റെ നാശത്തിന് തന്നെ അത് കാരണമാകും.
നാളെയിലേക്ക് അതിവേഗം
0